47 ചൈനീസ് ആപ്പുകൾക്ക് കൂടി പൂട്ടിട്ട് ഇന്ത്യ
ന്യൂഡൽഹി: 47 ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമാണെന്നത് ഉടനെ പുറത്തുവിടും. ചൈനീസ് ഏജൻസികളുമായി ഇവർ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് വിവരം. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 106 ആയി.
സ്വകാര്യത, ദേശീയ സുരക്ഷ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകൾ നിരീക്ഷണത്തിലാണെന്നും കേന്ദ്രം അറിയിച്ചു. മൊബൈൽ ഗെയിമിംഗ് ആപ്പായ പബ്ജിയും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് നിരോധിച്ചത്. ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ ടിക് ടോക്കും ഇതിൽ ഉണ്ടായിരുന്നു.
കിഴക്കൻ ലഡാഖിലെ ഗാൽവൻ താഴ്വരയിൽ 20 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ചൈനീസ് അതിക്രമത്തെത്തുടർന്നാണ് ഇന്ത്യ ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. എന്നാൽ, ഇവയുടെ ക്ലോൺ പതിപ്പുകളായ ആപ്പുകൾ ഈ സമയവും പ്രചാരത്തിലുണ്ടായിരുന്നു. ഇവയും സുരക്ഷാ ഭീഷണിയുയർത്തുന്നതാണെന്നു വ്യക്തമാക്കിയാണ് നിരോധനം വിപുലീകരിച്ചത്.
ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം ദുഷ്കരമാക്കും വിധം 2017ലെ പൊതു സാമ്പത്തിക ചട്ടങ്ങളിൽ കേന്ദ്രം കഴിഞ്ഞദിവസം ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഏതു നിക്ഷേപകനും ചരക്ക്, സേവന, നിർമാണ പ്രവർത്തന കരാറിൽ ഏർപ്പെടണമെങ്കിൽ ബന്ധപ്പെട്ട അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണു ഭേദഗതി.
പ്രധാനമായും ചൈനീസ് നിക്ഷേപകരെ ലക്ഷ്യമിടുന്ന ഭേദഗതിയിൽ പറയുന്നതു പ്രകാരം അന്താരാഷ്ട്ര വ്യാപാര വ്യവസായ പ്രോത്സാഹന ബോർഡിനു കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റിയിലാണ് കരാർ ലക്ഷ്യമിടുന്നവർ രജിസ്റ്റർ ചെയ്യേണ്ടത്. ആഭ്യന്തര മന്ത്രാലയവും വിദേശമന്ത്രാലയവും പരിശോധിച്ചു സുരക്ഷാ, രാഷ്ട്രീയ അനുമതി നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ കമ്മിറ്റിയിലെ രജിസ്ട്രേഷനു നിയമപരമായ പ്രാബല്യമുണ്ടാകൂ. ഫലത്തിൽ ചൈന ഉൾപ്പെടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഏതു നിക്ഷേപത്തിനും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള അനുമതി വേണ്ടിവരും.