ഐപിഎല്‍: ടീമുകള്‍ ഒരുങ്ങുന്നു
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. തീയതി പ്രഖ്യാപിച്ചതോടെ ടീമുകള്‍ ഒരുക്കത്തിലാണ്. മിക്ക ടീമുകളും പരിശീലനം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോകം മുഴുവന്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്കി സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയില്‍ ഐപിഎല്‍ നടക്കുന്നത്.
ഐപിഎല്ലിന്റെ മുന്നൊരുക്കത്തിനായി എം എസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്സും ഓഗസ്റ്റ് പകുതിയോടെ യുഎഇയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കൊറോണയെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നീണ്ട ഇടവേള വന്നിരുന്നു. അതിനാല്‍ താരങ്ങളെ പഴയ ഫോമിലേക്കെത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ചെന്നൈ നേരത്തെ യുഎഇയിലെത്തുന്നത്. യുഎഇയിലെ കാലാവസ്ഥയുമായി താരങ്ങള്‍ക്ക് പൊരുത്തപ്പെടാനും ഇത് സഹായിക്കുമെന്നാണ് ചെന്നൈ പ്രതീക്ഷിക്കുന്നു.
അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ കീഴടങ്ങിയതിന്റെ ക്ഷീണം ഇത്തവണത്തെ കിരീടത്തോടെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് ഐപിഎല്‍ കിരീടങ്ങളാണ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ ഇതുവരെ നേടിയത്. സുരേഷ് റെയ്ന,രവീന്ദ്ര ജഡേജ,കേദാര്‍ ജാദവ്,ഹര്ഭജന് സിങ്,ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചാഹര്‍ തുടങ്ങി നിരവധി ഇന്ത്യന്‍ താരങ്ങളാണ് ചെന്നൈ നിരയിലുള്ളത്. ഫഫ് ഡുപ്ലെസിസ്,ഷെയ്ന് വാട്സണ്,ഇമ്രാന് താഹിര്‍,ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയവരാണ് വിദേശ താരങ്ങളിലെ പ്രമുഖര്‍. ഇത്തവണ ചെന്നൈയ്ക്ക് കിരീട പ്രതീക്ഷ കൂടുതലാണ്.
കാരണം ഇന്ത്യന്‍ സാഹചര്യത്തിനേക്കാള്‍ കൂടുതല്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് കരുത്തുകാട്ടാന്‍ സാധിക്കുന്ന മൈതാനമാണ് യുഎഇയിലേത്. ഇമ്രാന് താഹിര്‍,ജഡേജ,മിച്ചല്‍ സാന്റ്നര്‍,കരണ്‍ ശര്‍മ,പീയൂ,ഷ് ചൗള തുടങ്ങി കരുത്തുറ്റ സ്പിന്‍ നിരയാണ് ചെന്നൈയ്ക്കുള്ളത്. നേരത്തെ ചെന്നൈ താരങ്ങള്‍ പരിശീലനം ആരംഭിച്ചെങ്കിലും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് പരിശീലനം നിര്‍ത്തുകയായിരുന്നു. എം എസ് ധോണിയെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎല്‍ അദ്ദേഹത്തിന് നിര്‍ണ്ണായകമാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ടി20 ലോകകപ്പ് ടീമിലേക്ക് ധോണി മടങ്ങിയെത്തുമോ അതോ വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടെസ്റ്റില്‍ നിന്ന് 2014ല്‍ ധോണി വിരമിച്ചിരുന്നു.മുംബൈ ഇന്ത്യന്‍സും ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സും പരിശീലനം ആരംഭിച്ചു.