48,661 പുതിയ കേസുകൾ; മരണസംഖ്യ 32,000 പിന്നിട്ടു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,661 പുതിയ കൊവിഡ് കേസുകൾ. 705 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ മൊത്തം കൊവിഡ്ബാധിതർ 13,85,522 ആയും കൊവിഡ് മരണങ്ങൾ 32,063 ആയും ഉയർന്നിട്ടുണ്ട്. 8.85 ലക്ഷം പേർ ഇതുവരെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. 4,67,882 ആക്റ്റിവ് കേസുകളാണു രാജ്യത്ത് ഇപ്പോഴുള്ളത്. 4.42 ലക്ഷം സാംപിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചതായി ഐസിഎംആർ.
ഏറ്റവും കൂടുതൽ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് പതിവുപോലെ മഹാരാഷ്ട്രയിലാണ്. 9,251 പേർക്കാണ് ഇന്നലെ സംസ്ഥാനത്തു വൈറസ്ബാധ കണ്ടെത്തിയത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 3,66,368 ആയിട്ടുണ്ട്. 257 പേർ കൂടി സംസ്ഥാനത്തു മരിച്ചു. മൊത്തം മരണസംഖ്യ 13,389. ഇതുവരെ 2.07 ലക്ഷം പേരാണ് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. ആക്റ്റിവ് കേസുകൾ 1.45 ലക്ഷം. മുംബൈയിൽ 1080 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. നഗരത്തിലെ മൊത്തം രോഗബാധിതർ ഇതോടെ 1,08,060 ആയിട്ടുണ്ട്. 52 പേർ കൂടിയാണു തലസ്ഥാന നഗരത്തിൽ മരിച്ചത്. മുംബൈയിലെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 6,036.
അവസാന 24 മണിക്കൂറിനിടെ 6,988 പേർക്കു രോഗം സ്ഥിരീകരിച്ചു തമിഴ്നാട്ടിൽ. മൊത്തം രോഗബാധിതർ രണ്ടു ലക്ഷം കടന്ന സംസ്ഥാനത്ത് മരണസംഖ്യ 3,400 പിന്നിട്ടിരിക്കുകയാണ്. 89 പേർ കൂടി മരിച്ചതോടെ 3,409ൽ എത്തി കൊവിഡ് മരണം. ഒന്നര ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്.
ഡൽഹിയിൽ 1,142 പേർക്കാണു പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ മൊത്തം വൈറസ്ബാധിതർ 1.29 ലക്ഷം കടന്നു. 3,806 പേർ സംസ്ഥാനത്ത് ഇതുവരെ മരിച്ചിട്ടുണ്ട്. 87 ശതമാനം രോഗബാധിതരും രോഗമുക്തി നേടി എന്നതാണ് ഡൽഹിയുടെ പ്രധാന ആശ്വാസം. അതേസമയം, കർണാടക, ആന്ധ്രപ്രദേശ്, കേരളം തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുകയാണ്. പശ്ചിമ ബംഗാൾ, ഒഡിശ, ബിഹാർ സംസ്ഥാനങ്ങളിലും വ്യാപനത്തോത് ഉയർന്നിട്ടുണ്ട്.
ഒഡിശയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1,320 പേർക്ക്. തുടർച്ചയായി മൂന്നാം ദിവസമാണ് ആയിരത്തിലേറെ രോഗികളെ പുതുതായി കണ്ടെത്തുന്നത്. സംസ്ഥാനത്തെ മൊത്തം കേസുകൾ 24,000 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് സംസ്ഥാനത്ത് ഇന്നലെയുണ്ടായത്. 10 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 130 ആയി. ജൂൺ മാസം അവസാനിക്കുമ്പോൾ 25 പേരാണ് ഒഡിശയിൽ കൊവിഡ് ബാധിച്ചു മരിച്ചിരുന്നത്. നൂറിലേറെ പേർ ഈ മാസം മരിച്ചു.
പശ്ചിമ ബംഗാളിലും ഏറ്റവും ഉയർന്ന പ്രതിദിന മരണക്കണക്കാണ്. 24 മണിക്കൂറിനിടെ 42 പേർ മരിച്ചു. മൊത്തം മരണസംഖ്യ 1,332. പുതിയ രോഗികളുടെ എണ്ണത്തിലും ഏറ്റവും വലിയ വർധന. 2,404 പേർക്കു കൂടി രോഗം കണ്ടെത്തിയപ്പോൾ പശ്ചിമ ബംഗാളിലെ മൊത്തം വൈറസ്ബാധിതർ 56,000 പിന്നിട്ടു.
ഗുജറാത്തിലും പുതിയ കേസുകളിൽ പ്രതിദിന വർധന ആയിരത്തിലപ്പുറമായിട്ടുണ്ട്. ഇന്നലെ 1,081 പേർക്കു രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികൾ 54,000 കടന്നു. ഇതുവരെയുള്ള മരണം 2,305. ഇന്നലെ 1,100ലേറെ കേസുകളുമായി കേരളവും പ്രതിദിന വർധനയിൽ റെക്കോഡ് കുറിച്ചിരുന്നു.