രോഗബാധിതർ 13.36 ലക്ഷം; 757 മരണം കൂടി
ന്യൂഡൽഹി: 24 മണിക്കൂറിനിടെ 48,916 പുതിയ രോഗികളെ കൂടി കണ്ടെത്തി. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ്ബാധിതർ 13,36,861 ആയി ഉയർന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് 45,000ൽ ഏറെ കേസുകൾ പ്രതിദിനം സ്ഥിരീകരിക്കുന്നത്. ഇന്നലെ 49,310 പേർക്കു രോഗം സ്ഥിരീകരിച്ചതാണു പ്രതിദിന വർധനയിലെ റെക്കോഡ്. അതിനു മുൻദിവസം 45,720 പേർക്ക് രോഗം കണ്ടെത്തിയിരുന്നു.
ഇന്നു രാവിലെ എട്ടുവരെയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 24 മണിക്കൂറിലെ കണക്കിൽ 757 പേർ കൂടി രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഇതോടെ 31,358 ആയി. 4,56,071 പേരാണ് ഇപ്പോൾ രാജ്യത്തു ചികിത്സയിലുള്ളത്. 8.49 ലക്ഷം പേർ രോഗമുക്തരായി. 63 ശതമാനത്തിലേറെ റിക്കവറി നിരക്കും 2.3 ശതമാനം മരണനിരക്കുമാണ് രാജ്യത്ത്. ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മഹാരാഷ്ട്രയിൽ 9615 പുതിയ രോഗികളെയാണ് 24 മണിക്കൂറിനിടെ കണ്ടെത്തിയത്. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 3,57,117 ആയിട്ടുണ്ട്. 1057 പുതിയ കേസുകളാണു മുംബൈയിൽ. പൂനെ നഗരത്തിൽ 2011 പുതിയ രോഗികൾ.
278 പേർ കൂടി സംസ്ഥാനത്തു കൊവിഡ് ബാധിച്ചു മരിച്ചു. മൊത്തം മരണസംഖ്യ 13,132. രണ്ടു ലക്ഷത്തോളം പേർ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം. 55.99 ശതമാനമാണ് മഹാരാഷ്ട്രയിലെ റിക്കവറി നിരക്ക്. മരണനിരക്ക് 3.68 ശതമാനം.
6785 പുതിയ കേസുകൾ കൂടിയായതോടെ തമിഴ്നാട്ടിലെ മൊത്തം രോഗബാധിതർ രണ്ടു ലക്ഷത്തിനടുത്തെത്തി. 88 പേരാണ് ഇന്നലെ മരിച്ചത്. മൊത്തം മരണസംഖ്യ 3320. മൊത്തം രോഗികൾ 1,99,749. ഡൽഹിയിലെ മൊത്തം രോഗബാധിതർ 1,28,389 ആണ്. പുതിയ 1,025 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണസംഖ്യ 3,777. അയ്യായിരത്തിലേറെ പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ച കർണാടകയിൽ രോഗബാധിതർ 85,000 കടന്നു.
അവസാന 24 മണിക്കൂറിനിടെ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം പേർ മരിച്ചതും കർണാടകയിലാണ്- 108. ഉത്തർപ്രദേശിൽ 59, ആന്ധ്രയിൽ 49, പശ്ചിമ ബംഗാളിൽ 35, ഡൽഹിയിൽ 32, ഗുജറാത്തിൽ 26 പേർ വീതം ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്