സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ്; 798 പേർക്ക് സമ്പർക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 65 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 222, കൊല്ലം 106, ആലപ്പുഴ 82, കാസര്‍കോട് 47, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, കോട്ടയം 80, പത്തനംതിട്ട 27, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കോഴിക്കോട് 67, വയനാട് 10 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ 115 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(70), മൂവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞൻപിള്ള (79), പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ (73), കൊല്ലം കെ.എസ് പുരത്തെ റഹിയാനത്ത് (58), കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ (60) എന്നിവരാണ മരിച്ചത്. ഇന്ന് 432 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാമ്പിൾ പരിശോധിച്ചു. വിവിധ ജില്ലകളിലായി നിലവിൽ 1,58,117 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 9458 പേരാണ്.