സമ്പൂര്‍ണ ലോക്ഡൗണ്‍ അല്ലാതെ മാര്‍ഗമില്ല: തോമസ് ഐസക്ക്
കൊച്ചി: കേരളം വീണ്ടും ഒരു സമ്പൂര്‍ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മള് 1000 രോഗികളിലേയ്ക്ക് എത്താന്‍. ഇന്നിപ്പോള്‍ ദിവസവും 1000 പേര് രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അല്ലാതെ മാര്‍ഗമില്ല.
അത് സാധാരണക്കാരുടെ ജീവിതം അതീവ ദുഷ്കരമാക്കും. അതുകൊണ്ട് ഇത്തരമൊരു സ്ഥിതിവിശേഷം കഴിയുമെങ്കില്‍ ഒഴിവാക്കി പ്രാദേശിക ലോക്ഡൗണുകളില്‍ നിയന്ത്രണങ്ങള്‍ ഒതുക്കി നിര്‍ത്താനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എങ്ങനെ ഈ സ്ഥിതി ?
നൂറിലേറെ ദിവസം വിജയകരമായി പ്രതിരോധിച്ചശേഷം നമ്മള് ഇപ്പോള്‍ കൊറോണയ്ക്ക് മുന്നില്‍ പിന്‍വാങ്ങുന്ന സ്ഥിതിവിശേഷം എങ്ങനെ സംജാതമായി? അഞ്ചുലക്ഷത്തിലേറെ പ്രവാസികള്‍ കേരളത്തിലേയ്ക്ക് മടങ്ങുമ്പോള്‍ കേരളത്തിലേയ്ക്ക് മടങ്ങുമ്പോള്‍ രോഗികളുടെ എണ്ണം കൂടുമെന്നു നിശ്ചയമായിരുന്നു. എന്നാല്‍ നമ്മുടെ ഒരു മികവുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ഏറ്റവും കുറവ് കേരളത്തിലായിരുന്നു.
രണ്ടാഴ്ച മുമ്പുവരെ രോഗികളുടെ എണ്ണത്തിന്റെ 90 ശതമാനംപേരും പുറത്തു നിന്നും വന്നവരായിരുന്നുവല്ലോ. ഇതു സാധിച്ചത് ജനങ്ങളുടെ ജാഗ്രത കൊണ്ടാണ്. സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും സഹകരിച്ചതുകൊണ്ടാണ്. മാസ്ക് ധരിക്കുക, കൈ കഴുകുക, അകലം പാലിക്കുക, കഴിവതും വീട്ടില്‍ ഇരിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങള്‍.
അതോടൊപ്പം രോഗികളുടെ മുഴുവന്‍ സമ്പര്‍ക്ക ലിസ്റ്റുണ്ടാക്കി അവരെ ക്വാറന്റൈന് ചെയ്യിക്കുന്നതിന് നമ്മള് കാണിച്ച ജാഗ്രതയും. ഇവ എങ്ങനെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തകര്‍ക്കപ്പെട്ടൂവെന്നുള്ളത് ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്.
തകര്‍ത്തത് ജനങ്ങളുടെ അവബോധം
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം സുരക്ഷാ മുന്‍കരുതലുകളെ സംബന്ധിച്ച് ജനങ്ങളുടെ അവബോധം തകര്‍ക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ സംഭാവനയാണ്. വിവരക്കേടുകളും അസംബന്ധങ്ങളും വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ കുത്തിത്തിരിപ്പ് ഒരു വിഭാഗം ജനങ്ങളില്‍ അലസസമീപനം സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച അനന്യസാധാരണമായ മുന്നേറ്റത്തില്‍ ട്രോജന്‍ കുതിര കളിക്കുകയായിരുന്നു പ്രതിപക്ഷം.
ലോകാരോഗ്യസംഘടന, വിദഗ്ധരായ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നു തുടങ്ങി ആരോഗ്യമേഖലയിലുള്ള മുഴുവന്‍ വൈദഗ്ധ്യവും ഒന്നിച്ചുപയോഗിച്ചാണ് രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനം കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ ബോധവല്‍കരണപ്രവര്‍ത്തനമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തുന്ന അവലോകനയോഗങ്ങളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളുമാണ് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. അതനുസരിച്ച് ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമ്പോള്‍ നമ്മുടേത് ഫലപ്രദമായ പ്രതിരോധ സംവിധാനമാകും.
അത് വിജയകരമായി മുന്നേറിയ ഓരോ ഘട്ടത്തിലും പ്രതിപക്ഷത്തിന്റെ ദ്രോഹകരമായ ഇടപെടലുകളുണ്ടായി. ഇക്കാര്യത്തിലൊക്കെ തങ്ങളാണ് വിദഗ്ധര്‍ എന്ന് സ്ഥാപിക്കാന്‍ അവര്‍ നടത്തിയ ബോധപൂര്‍വമുള്ള എല്ലാ നീക്കങ്ങളും ഒരു വിഭാഗം ജനങ്ങളിലെങ്കിലും തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ആളുകള്‍ വന്നപ്പോള്‍ പാസ് സംബന്ധിച്ച് പ്രതിപക്ഷമുയര്‍ത്തിയ കോലാഹലം ഓര്‍മ്മിക്കുക. പാസില്ലാതെ അതിര്‍ത്തി കടത്തിവിടാന്‍ സമരം ചെയ്യാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനും നടത്തിയ ശ്രമങ്ങള്‍ നാം കണ്ടതാണ്.
ഒഴിഞ്ഞുമാറാന്‍ പറ്റില്ല
മുപ്പതു ഡിഗ്രി ചൂടിനെ കൊറോണ അതിജീവിക്കില്ല, മിറ്റിഗേഷന്‍ മെത്തേഡ് മതി എന്നു തുടങ്ങി പ്രതിരോധമാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനപ്പൂര്‍വം ലംഘിക്കുമെന്നും മാസ്ക് വലിച്ചെറിഞ്ഞും സാമൂഹ്യഅകലം എന്ന നിബന്ധന തെറ്റിച്ചുമൊക്കെ സമരവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നുമൊക്കെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വീമ്പു പറഞ്ഞപ്പോള്‍, ഒരു ചെറിയ വിഭാഗം ജനങ്ങളെങ്കിലും രോഗപ്രതിരോധത്തോട് അലസസമീപനം സ്വീകരിച്ചിട്ടുണ്ട്. പൂന്തുറയില്‍ സൃഷ്ടിച്ച കോലാഹലം ഓര്‍മ്മിക്കുക.
ജനങ്ങളില്‍ മെച്ചപ്പെട്ട അവബോധം വളര്‍ത്തി അവരുടെ പങ്കാളിത്തത്തോടെയാണ് നാം പ്രതിരോധ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയത്. നിയമംമൂലമോ ബലപ്രയോഗത്തിലൂടെയോ ചെയ്യേണ്ട കാര്യങ്ങളല്ല അത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയും ചുമത്താം. എന്നാല്‍ അതിന്റെയൊക്കെ എത്രയോ മടങ്ങാണ് നിര്‍ദ്ദേശങ്ങള്‍ സ്വമേധയാ പിന്തുടരുന്നവരുടെ എണ്ണം. ആ സാമൂഹ്യജാഗ്രതയിലാണ് പ്രതിപക്ഷം വിള്ളലുണ്ടാക്കിയത്.
സമ്പര്‍ക്കത്തിലൂടെ രോഗം പടരുമ്പോഴും മരണസംഖ്യ ഉയരുമ്പോഴും രാഷ്ട്രീയ അതിജീവനത്തിന്റെ മുളപൊട്ടുന്നത് മനക്കണ്ണില്‍ കാണുന്ന ക്രൂരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ അപൂര്‍വ്വ അനുഭവമാണ്. കൊവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്ന ഓരോ വാര്‍ത്തയും എത്രമാത്രം അവരെ അലോസരപ്പെടുത്തിയെന്ന് ഓര്‍ത്തു നോക്കൂ.
ജനങ്ങളെ തെറ്റിച്ചു വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പെടുത്ത നമ്മുടെ പൊതുആരോഗ്യസംവിധാനത്തിന്റെ മികവില്‍ നാം ലോകത്തിനാകെ അഭിമാനവും മാതൃകയുമായതും അവരെ രോഷാകുലരാക്കിയത്. രോഗം പടരുമ്പോള്‍ ഒരുവിഭാഗം ജനങ്ങളിലെങ്കിലും പടരുന്ന ഉദാസീനതയ്ക്ക് ഉത്തരവാദികള്‍ പ്രതിപക്ഷ നേതൃത്വമാണ്. അവരുടെ വാക്കും പ്രവൃത്തിയും ഒരു ചെറിയ വിഭാഗം ജനങ്ങളെയെങ്കിലും വഴി തെറ്റിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഫലം കേരളമൊന്നാകെ അനുഭവിക്കേണ്ടി വരുന്നു. ഇതിന് അവര്‍ വിചാരണ ചെയ്യപ്പെടണം.