കുതിച്ചുകയറി കേസുകളും മരണവും; 12.38 ലക്ഷത്തിലെത്തി രോഗബാധിതർ
ന്യൂഡൽഹി: ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം അവസാന 24 മണിക്കൂറിൽ വൈറസ് സ്ഥിരീകരിച്ചത് 45,720 പേർക്ക്. പുതുതായി രേഖപ്പെടുത്തിയത് 1,129 മരണവും. ഇതോടെ മൊത്തം രോഗബാധിതർ 12,38,635 ആയിട്ടുണ്ട്. മൊത്തം കൊവിഡ് മരണം 29,861. കേരളം അടക്കം നിരവധി സംസ്ഥാനങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ദിവസത്തെ റെക്കോഡ് വർധനയായി. 7,82,606 പേരാണ് ഇതുവരെ രാജ്യത്തു രോഗമുക്തി നേടിയത്. 4.26 ലക്ഷം പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
മഹാരാഷ്ട്രയിൽ പ്രതിദിന വർധന ഇതാദ്യമായി 10,500 കടന്നു. അവസാന 24 മണിക്കൂറിൽ 10,576 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 3,37,607 ആയിട്ടുണ്ട്. 280 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതുവരെയുള്ള കൊവിഡ് മരണം 12,556 ആയി. 1.87 ലക്ഷം പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗമുക്തി നേടിയത്. ആക്റ്റിവ് കേസുകൾ 1.37 ലക്ഷത്തിലേറെ. മുംബൈ മെട്രൊപൊളിറ്റൻ റീജിയണിലെ മൊത്തം രോഗബാധിതർ 2,09,978 ആയി ഉയർന്നിട്ടുണ്ട്. 8519 മരണവും എംഎംആറിലാണ്. 55.62 ശതമാനം റിക്കവറി നിരക്കും 3.72 ശതമാനം മരണനിരക്കുമായി ദേശീയ ശരാശരിയെക്കാൾ മോശം അവസ്ഥയിലാണു മഹാരാഷ്ട്ര.
തമിഴ്നാട്ടിലും റെക്കോഡ് വർധനയാണ്. 5849 പുതിയ കേസുകൾ. മൊത്തം രോഗബാധിതർ 1,86,492. രോഗമുക്തർ 1.31 ലക്ഷം. സംസ്ഥാനത്തെ മരണസംഖ്യ 3144 ആയി ഉയർന്നു. 74 പേർ കൂടിയാണ് ഇന്നലെ മരിച്ചത്. നേരത്തേ ചേർക്കാതിരുന്ന 444 മരണങ്ങൾ തമിഴ്നാടിന്റെ കണക്കിൽ ഇന്നലെ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ചെന്നൈയിൽ കൊവിഡ് മൂലം മരിച്ചു എന്നു സംശയിക്കപ്പെട്ടിരുന്നവരുടെ കണക്കാണിത്. ഒമ്പതംഗ വിദഗ്ധ സമിതി വിലയിരുത്തിയ ശേഷമാണ് ഈ മരണങ്ങൾ കൊവിഡ് കണക്കിൽ പെടുത്തിയത്.
1227 കേസുകളാണ് ഡൽഹിയിൽ പുതുതായി കൂട്ടിചേർത്തത്. ഇതോടെ തലസ്ഥാന നഗരിയിലെ മൊത്തം രോഗബാധിതർ 1,26,323 ആയി. ഡൽഹിയിലെ ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ 3,719. അവസാന 24 മണിക്കൂറിൽ 29 മരണങ്ങളാണു സംസ്ഥാനത്തുണ്ടായത്. ഉയർന്ന പ്രതിദിന വർധനയാണ് കർണാടകയിൽ. 4,764 കേസുകൾ ഇന്നലെ കണ്ടെത്തി. ഇതോടെ മൊത്തം വൈറസ്ബാധിതർ 75,833 ആയിട്ടുണ്ട്. 55 പേർ കൂടി മരിച്ചതോടെ കർണാടകയിലെ മരണസംഖ്യ 1,519 ആയി.
പശ്ചിമ ബംഗാളിലും റെക്കോഡ് കുതിപ്പാണ്. അവസാന 24 മണിക്കൂറിൽ 2,291 പുതിയ കേസുകളും 39 മരണവും. ഇതോടെ മൊത്തം വൈറസ് ബാധിതർ 49,321 ആയിട്ടുണ്ട്. മരണസംഖ്യ 1221. ഗുജറാത്തിൽ 1020 പുതിയ കേസുകളാണു കണ്ടെത്തിയത്. ഇതോടെ മൊത്തം കേസുകൾ 51,000 പിന്നിട്ടു. 28 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 2229 ആയിട്ടുണ്ട്.
ഉത്തർപ്രദേശിൽ 2300 ആളുകൾക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രതിദിന വർധനയിൽ റെക്കോഡാണിത്. 34 പേർ കൂടി മരിച്ചു. മൊത്തം കേസുകൾ 55,588 ആയിട്ടുണ്ട്. മരണസംഖ്യ 1,263. ബിഹാറിലും തെലങ്കാനയിലും 1500ലേറെ പുതിയ കേസുകൾ അവസാന 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇന്നലെ ഇതാദ്യമായി ആയിരത്തിലേറെ കേസുകൾ ഒരു ദിവസം കണ്ടെത്തി.