കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്, 648 പേർ കൂടി മരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്ബാധിതർ 12 ലക്ഷത്തിലേക്ക് നീങ്ങുന്നു. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 37,724 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം വൈറസ്ബാധിതർ 11,92,915 ആയി. 24 മണിക്കൂറിനിടെ 648 പേർ കൂടി മരിച്ചു. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഇതോടെ 28,732 ആയിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 4,11,133. ഇതുവരെ രോഗമുക്തരായത് 7.53 ലക്ഷം പേരാണ്.
8,369 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഏറ്റവും മോശമായ അവസ്ഥ തുടരുകയാണെന്നു കാണിക്കുന്നു. സംസ്ഥാനത്തെ മൊത്തം വൈറസ്ബാധിതർ 3,27,031 ആയിട്ടുണ്ട്. 246 പേരുടെ മരണമാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 12,276. ഇതുവരെ 1.82 ലക്ഷം പേർ സംസ്ഥാനത്തു രോഗമുക്തരായി. ആക്റ്റിവ് കേസുകൾ 1.32 ലക്ഷം.
തമിഴ്നാട്ടിൽ 4,965 പുതിയ കേസുകളാണുള്ളത്. മൊത്തം രോഗബാധിതർ 1,80,643 ആയിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 51,344. തുടർച്ചയായി മൂന്നാം ദിവസവും 51,000ൽ ഏറെ കൊവിഡ് പരിശോധന നടത്തി തമിഴ്നാട് രാജ്യത്ത് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് ടെസ്റ്റുകൾ 20 ലക്ഷം കടന്നു. 51,066 സാംപിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. അവസാന 24 മണിക്കൂറിൽ 75 പേർ കൂടി മരിച്ചതോടെ തമിഴ്നാട്ടിലെ മരണസംഖ്യ 2,626 ആയിട്ടുണ്ട്.
ഡൽഹിയിൽ 1349 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 1,25,096. ആക്റ്റിവ് കേസുകൾ 15,288 ആണ്. 3690 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 71,069 ആയി ഉയർന്നു. 3,649 പുതിയ കേസുകളാണു സംസ്ഥാനത്തു സ്ഥിരീകരിച്ചത്. ആക്റ്റിവ് കേസുകൾ 44,140. ബംഗളൂരുവിൽ 1,714 പുതിയ രോഗബാധിതരെ ഒരു ദിവസത്തിനിടെ കണ്ടെത്തി. തലസ്ഥാന നഗരിയിലെ മൊത്തം വൈറസ്ബാധിതർ 34,943 ആയിട്ടുണ്ട്. ഇതിൽ 26,746 ആക്റ്റിവ് കേസുകളുണ്ട്. 61 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് മരണം 1,470 ആയിട്ടുണ്ട്.
2,128 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശിൽ 53,288 കേസുകളാണിപ്പോൾ. 37 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 1229. ഗുജറാത്തിൽ ഏറ്റവും വലിയ പ്രതിദിന വർധനയാണു ചൊവ്വാഴ്ചയുണ്ടായത്. 1,026 പുതിയ രോഗബാധിതർ. ഇതോടെ മൊത്തം വൈറസ്ബാധിതർ 50,000 കടന്നു. മരണസംഖ്യ 2,200ൽ എത്തിയിട്ടുണ്ട്.