പ്രതിദിന വർധന 40,000 കടന്നു; രോഗബാധിതർ 11 ലക്ഷത്തിലേറെ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിലെ പ്രതിദിന വർധന ഇതാദ്യമായി 40,000 പിന്നിട്ടു. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത് 40,425 പേർക്ക്. ഇതോടെ മൊത്തം രോഗബാധിതർ 11,18,043 ആയി. രോഗമുക്തരായവരുടെ എണ്ണം ഏഴു ലക്ഷം കടന്നിട്ടുണ്ട്. 681 പേർ കൂടി മരിച്ചു. ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ 27,497 ആയി ഉയർന്നു.
പത്തു ലക്ഷം പിന്നിട്ട് മൂന്നു ദിവസം കൊണ്ടാണ് രോഗബാധിതർ 11 ലക്ഷത്തിലെത്തുന്നത്. രോഗവ്യാപനത്തിന് ദിനംപ്രതി വേഗമേറുകയാണിപ്പോൾ. 3,90,459 ആക്റ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ നാലു ദിവസവും മുപ്പതിനായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുവരികയായിരുന്നു. ഇപ്പോൾ നാൽപ്പതിനായിരവും കടന്നിരിക്കുന്നു. 2.49 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. ലോകത്തെ തന്നെ ഏറ്റവും താഴ്ന്ന മരണ നിരക്കുകളിൽ ഒന്നാണിത്.
കേസുകളിൽ റെക്കോഡ് വർധനയാണ് മഹാരാഷ്ട്ര ഇന്നും കുറിച്ചത്. 24 മണിക്കൂറിൽ 9,518 പുതിയ രോഗികൾ. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 3,10,455 ആയിട്ടുണ്ട്. 258 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതുവരെയുള്ള മരണസംഖ്യ 11,854. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഒമ്പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
മുംബൈയെക്കാൾ കൂടുതൽ പുതിയ രോഗികളെ കണ്ടെത്തുന്ന പ്രവണത കഴിഞ്ഞദിവസങ്ങളിൽ പൂനെ നഗരം കാണിച്ചിരുന്നു. ഇന്നും അതു തുടർന്നു. 1,812 പുതിയ കേസുകളാണ് പൂനെ നഗരത്തിൽ സ്ഥിരീകരിച്ചത്. ഇതോടെ പൂനെയിലെ മൊത്തം കേസുകൾ 37,386 ആയി. മുംബൈയിൽ 1,038 പേർക്കു പുതുതായി രോഗബാധ. മുംബൈ നഗരത്തിലെ മൊത്തം രോഗബാധിതർ 1,01,388.
സംസ്ഥാനത്ത് അവസാനമുണ്ടായ 258 മരണങ്ങളിൽ 64ഉം മുംബൈ നഗരത്തിലാണ്. മുംബൈ മെട്രൊപൊളിറ്റൻ റീജിയണിൽ 149 മരണം. കല്യാൺ- ഡോംബിവലി മേഖല ആശങ്ക വർധിപ്പിക്കുകയാണ്. ഇവിടെ 18,115 കേസുകളായി. താനെ നഗരത്തിൽ 17,226 കേസുകളുണ്ട്. മെട്രൊപൊളിറ്റൻ റീജിയൺ രാജ്യത്തെ പ്രധാന കൊവിഡ് ഹബായി മാറിയിരിക്കുന്നു.
തമിഴ്നാട്ടിലും രോഗബാധിതരിൽ റെക്കോഡ് വർധനയാണ്. പുതുതായി രോഗം സ്ഥിരീകരിച്ചത് 4,979 പേർക്ക്. മൊത്തം രോഗബാധിതർ 1.70 ലക്ഷം പിന്നിട്ടു. 78 പേർ കൂടി മരിച്ച സംസ്ഥാനത്ത് ഇതുവരെയുള്ള കൊവിഡ് മരണം 2481 ആയിട്ടുണ്ട്. 1254 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച് ചെന്നൈ സംസ്ഥാനത്തെ പ്രധാന വ്യാപനകേന്ദ്രമായി തുടരുകയാണ്. 1,70,693 രോഗബാധിതരിൽ 85,859 പേരും ചെന്നൈയിലാണ്. 1.17 ലക്ഷം പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
ഡൽഹിയിൽ 1,22,793 രോഗബാധിതരാണുള്ളത്. 3,628 പേർ സംസ്ഥാനത്ത് ഇതുവരെ മരിച്ചു. കർണാടകയിലെ വൈറസ്ബാധിതർ 63,772 ആയിട്ടുണ്ട്. സംസ്ഥാനത്തെ മരണസംഖ്യ 1,331. ആന്ധ്രപ്രദേശിൽ 49,650 ആയിട്ടുണ്ട് മൊത്തം വൈറസ്ബാധിതർ. 642 പേർ സംസ്ഥാനത്ത് ഇതുവരെ മരിച്ചു. ഉത്തർപ്രദേശിൽ 49,247 പേർക്കാണു വൈറസ്ബാധ. മരണസംഖ്യ 1,146. ഗുജറാത്തിൽ 48,411 രോഗബാധിതരും 2,147 മരണവുമാണ്.