വീണ്ടും 35,000ന് അടുത്ത് പുതിയ രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് 34,884 പേർക്കു കൂടി രാജ്യത്തു കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് 35,000ന് അടുത്ത് ആളുകൾക്കു വൈറസ്ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞദിവസം 34,956 പേർക്കു രോഗബാധ കണ്ടെത്തിയതാണ് ഒരു ദിവസത്തെ ഏറ്റവും വലിയ വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ 671 പേരുടെ മരണം കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ 26,273 ആയി. മൊത്തം രോഗബാധിതർ 10,38,716. ഇതുവരെ 6,53,750 പേർ രോഗമുക്തരായിട്ടുണ്ട്. 3.58 ലക്ഷം ആക്റ്റിവ് കേസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ മൂന്നാം തവണയും രോഗികളുടെ പ്രതിദിന വർധന 8000ൽ ഏറെയായി. അവസാന 24 മണിക്കൂറിൽ 8,308 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 2,92,589 ആയിട്ടുണ്ട്. വ്യാഴാഴ്ച 8,641 കേസുകൾ കണ്ടെത്തിയതാണ് മഹാരാഷ്ട്രയിലെ പ്രതിദിന വർധനയിലെ റെക്കോഡ്. ജൂലൈ 11ന് 8,139 കേസുകളും സ്ഥിരീകരിച്ചിരുന്നു. 258 പേരുടെ മരണം കൂടിയാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 11,452. ആക്റ്റിവ് കേസുകൾ 1,20,780.
മുംബൈയിലെ രോഗബാധിതർ 99,164 ആയിട്ടുണ്ട്. നഗരത്തിൽ ഇതുവരെ 5,585 പേർ മരിച്ചു. 1214 പുതിയ കേസുകളാണ് മുംബൈ നഗരത്തിൽ സ്ഥിരീകരിച്ചത്. അതേസമയം, പൂനെ നഗരം കൂടുതൽ വെല്ലുവിളി ഉയർത്തുകയാണിപ്പോൾ. 24 മണിക്കൂറിനിടെ 1,539 കേസുകൾ പൂനെയിൽ റിപ്പോർട്ട് ചെയ്തു.
വീണ്ടും 4,500ലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത് തമിഴ്നാട് രോഗവ്യാപന ആശങ്ക നിലനിർത്തുകയാണ്. 4538 പുതിയ കേസുകളും 79 മരണവുമാണ് സംസ്ഥാനത്ത് അവസാന 24 മണിക്കൂറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഇതുവരെയുള്ള രോഗബാധിതർ 1,60,907. മരണസംഖ്യ 2,315. ഇതുവരെ 1.10 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ടെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രാലയം പറയുന്നു.
അതേസമയം, മരണ സംഖ്യയിൽ ജൂൺ ഒമ്പതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണു ഡൽഹിയിൽ. 24 മണിക്കൂറിൽ 26 പേരുടെ മരണം കൂടിയാണു സംസ്ഥാനത്തു രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 3,571 ആയി. 1,462 പുതിയ കേസുകൾ കൂടി കണ്ടെത്തി. ഇതോടെ രോഗബാധിതർ 1,20,107 ആയിട്ടുണ്ട്. 17,235 ആക്റ്റിവ് കേസുകളാണ് ഇപ്പോൾ ഡൽഹിയിലുള്ളത്.