ഐ.എസ് ബന്ധം: കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാക്കള്‍ സന്ദേശം അയച്ചത് ടുടാനോടാ വഴി; തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രചോദനമായത് ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങള്‍
കൊച്ചി: കണ്ണൂരില്‍ നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇ മെയില്‍ സന്ദേശം അയച്ചിരുന്നത് ടുടാനോടാ എന്ന ഇമെയില്‍ വഴിയാണെന്ന് എന്‍ഐഎ. ടെലഗ്രാം ചാറ്റ് പോലെ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ടുടാനോടയിലെ ഇമെയില്‍ സന്ദേശങ്ങളും സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നില്ല . ഇവരുടെ സംഘത്തിലുള്ള മന്‍സീദ് ഫിലിപ്പീന്‍സില്‍ നിന്നുള്ള വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ടെലഗ്രാം സന്ദേശങ്ങള്‍ അയച്ചതെന്നും കണ്ടെത്തി.അതേസമയം തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രചോദനമായത് ഓണ്‍ലൈന്‍ ബിന്ലാദന് എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണെന്ന് പിടിയിലായ യുവാക്കള്‍ മൊഴി നല്കി.
ജര്‍മനി ആസ്ഥാനമായ ഇമെയില്‍ സര്‍വീസ് കമ്പനിയാണ് ടുടാനോടാ ഡോട്കോം. സ്വതന്ത്ര സോഫ്റ്റ്വെയറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണ് ടുടാനോട വഴി അയക്കുന്ന ഇ മെയില്‍ സന്ദേശങ്ങള്‍. അതായത് അയക്കുന്ന ഉപകരണത്തിലും ലഭിക്കുന്ന ഉപകരണത്തിലും മാത്രമേ ഇമെയില്‍ ലഭ്യമാകുകയുള്ളൂ. സെര്‍വറില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇമെയില്‍ വിലാസവും സെര്‍വറില്‍ സൂക്ഷിക്കില്ല. ഡിലീറ്റ് ചെയ്ത് നശിപ്പിച്ചാല്‍ ഇത് ഫോണില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ പോലും വീണ്ടെടുക്കാനുമാവില്ല. ടുടാനോട വഴിയാണ് കണ്ണൂരില്‍ നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇ മെയല്‍ സന്ദേശമയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തതിനാല്‍ നശിപ്പിക്കപ്പെടാത്ത ഇമെയിലുകള്‍ വീണ്ടെടുക്കാമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.
അതേസമയം അറസ്റ്റിലായ ആറംഗസംഘത്തിലെ മന്‍സീദ് ഫിലിപ്പീന്‍സില്‍ നിന്നുള്ള വ്യാജസിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് ടെലഗ്രാമില്‍ സന്ദേശങ്ങളയച്ചതെന്ന് കണ്ടെത്തി. എന്‍ഐഎ അടക്കമുള്ള ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഫിലിപ്പീന്‍സിലെ സിംകാര്‍ഡ് വഴി അയച്ച സന്ദേശങ്ങള്‍ കണ്ടെത്താതിരിക്കാനായിരുന്നു ഇത് . എന്നാല്‍ ടെലഗ്രാം വഴി അയച്ച ഈ സന്ദേശങ്ങള്‍ സ്വയം നശിപ്പിക്കാനുള്ള ടൈമര്‍ ഇവരുടെ ഗ്രൂപ്പ് ക്രമീകരിച്ചിരുന്നില്ല. മന്‍സീദിന്റെ ഭാര്യ ഉപയോഗിച്ചിരുന്ന ടാബ് എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചു.
അതേസമയം തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രചോദനമായത് ഓണ്‍ലൈന്‍ ബിന്ലാദന് എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണെന്ന് കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ പിടിയിലായ റാഷിദലിയുടെ ഫോണില്‍നിന്നു ടെലഗ്രാം സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ എന്‍ഐഎ കോടതിയുടെ അനുമതി തേടി.
അല്‍ ഖ്വയിദയുടെ വക്താവായിരുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണ് സ്ഥിരമായി കേട്ടിരുന്നതെന്നും ഇതാണ് സംഘടനാ പ്രവര്‍ത്തനത്തിന് പ്രചോദനമായതെന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത ആറുപേര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്കി. ഓണ്‍ലൈന്‍ ബിന്ലാദന് എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കി 2011ല്‍ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഔലാക്കിയുടെ പ്രസംഗങ്ങളിലെ ഭാഗങ്ങള്‍ ഇവര്‍ സന്ദേശങ്ങളായി കൈമാറിയിരുന്നോ എന്നും എന്‍ഐഎയ്ക്കു സംശയമുണ്ട്. അതേസമയം, പ്രതി റാഷിദ് അലിയുടെ ഫോണില്‍ സിം കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാന്‍ സിഡാക്കിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. ഇവര്‍ കൈമാറിയിരുന്ന ടെലഗ്രാം സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണിത്.
സാധാരണ ഗതിയില്‍ ഫോണ്‍ പിടിച്ചെടുക്കുമ്പോള്‍ ബാറ്ററിയും സിം കാര്‍ഡും ഊരി മാറ്റിയ ശേഷമാണു കണ്ടുകെട്ടുക. ഇതു പ്രവര്‍ത്തിപ്പിക്കാതെ തന്നെ പിന്നീടു ഡേറ്റ പരിശോധിക്കും. എന്നാല്‍ ഫോണ്‍ ഓണ്‍ ചെയ്ത് വണ്‍ ടൈം പാസ്വേര്ഡ് നല്കിയാല് മാത്രമേ ടെലഗ്രാം എന്ന ചാറ്റ് ആപ്ലിക്കേഷന്‍ വീണ്ടും പ്രവര്‍ത്തിക്കുകയുള്ളൂ. ഇതിനാലാണു എന്‍ഐഎയുടെ പ്രത്യേക ഹര്‍ജി. ഐഎസിനു വേണ്ടി യുദ്ധം ചെയ്തതാണെന്നു കണ്ടെത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിയെ തിങ്കളാഴ്ച മുതല്‍ ആറുദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടു. മറ്റു പ്രതികളെ അടുത്തമാസം രണ്ടു വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.