സന്ദീപും റമീസിനും രക്ത ചന്ദന ഇടപാട്
കൊച്ചി: സ്വര്‍ണ കടത്ത് കേസിലെ പ്രതികളുടെ ഭീകര ബന്ധ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മാവോയിസ്റ്റ് സംഘങ്ങള്‍ അടക്കം പണം തേടുന്നതിനായി നടത്തുന്ന രക്തചന്ദന കടത്തുമായി സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി റമീസും മൂന്നാം പ്രതി സന്ദീപ് നായര്‍ക്കും ബന്ധുണ്ടന്ന സൂചനകളാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊച്ചി തുറമുഖം വഴി വന്‍ തോതില്‍ കടത്താന്‍ ശ്രമിച്ച രക്ത ചന്ദനം പിടികൂടിയിരുന്നു. പക്ഷെ അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അന്ന് കണ്ടെത്തിയിരുന്നില്ല. അതിലേക്കു കൂടിയാണ് ഇപ്പോഴത്തെ അന്വേഷണം വെളിച്ചം വീശുന്നത്. ഇപ്പോള്‍ പിടികൂടിയിരുന്ന റമീസ് ദുബായില്‍ രക്തചന്ദനത്തിന്റെ ബിസിനസ് ആണ് നടത്തിയിരുന്നത്. രക്തചന്ദനത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലുള്ള സംഘങ്ങളുമായി വരെ ഇയാള്‍ക്ക് ബന്ധമുണ്ടന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.
റമീസും , സന്ദീപം തമ്മില്‍ തമ്മില്‍ വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും സംയുക്തമായി ദുബൈയില്‍നിന്നു സ്വര്‍ണം കടത്തിയിരുന്നതായും കസ്റ്റംസ് സ്ഥിരീകരിച്ചു. സന്ദീപിനെ ഇടനിലക്കാരനാക്കി ദുബൈ കേന്ദ്രീകരിച്ച് റമീസ് സ്വര്‍ണം കടത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. സന്ദീപും റമീസും സംയുക്തമായി കടത്തിയ സ്വര്‍ണം ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ റമീസ് ദക്ഷിണാഫ്രിക്ക കേന്ദ്രീകരിച്ചു നടത്തിയ രക്തചന്ദന ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തായി.
2014ല്‍ ഇബ്രാഹിം ആലുങ്കല്‍ എന്ന വ്യക്തി ദുബൈയില്‍ നിന്നു കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിരുന്നു. ഇദ്ദേഹം ഒരു കാരിയര്‍ മാത്രമായിരുന്നു. ഈ സ്വര്‍ണം അന്ന് കൊച്ചി ഡിആര്‍ഐ പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ റമീസിന് വാറണ്ട് അയച്ചിരുന്നു. 2016ല്‍ വീണ്ടും സംയുക്തമായി കടത്തിയ സ്വര്‍ണം ഡിആര്‍ഐ പിടിച്ചെടുത്തു. സാബിര്‍ പുഴക്കല്‍ എന്ന വ്യക്തി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ വീട്ടുസാധനങ്ങള്‍ എന്ന വ്യാജേന റമീസ് സ്വര്‍ണം അയക്കുകയായിരുന്നു. ഇതും ഡിആര്‍ഐ പിടിച്ചെടുത്തു. പതിനേഴര കിലോ സ്വര്‍ണമാണ് അന്ന് ഡിആര്‍ഐ പിടിച്ചെടുത്തത്.
ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് ഒട്ടേറെ തവണ ദുബൈയില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിട്ടുണ്ട്. 2011-ല്‍ റമീസ് നെല്ലിയാമ്പതി വനമേഖലയില്‍ മാന്‍വേട്ട നടത്തിയെന്ന കേസ് ഉണ്ടായിരുന്നു. അന്ന് റമീസിന്റെ വാഹനം ഡിഎഫ്ഒ പിടിച്ചെടുത്തു. ഇതോടെ റമീസിനെ കേസില്‍ നിന്നൊഴിവാക്കാന്‍ സന്ദീപ് ദുബായില്‍നിന്ന് കേരളത്തിലേക്ക് പറന്നെത്തി.
റമീസ് ദുബായില്‍ നിന്ന് രക്തചന്ദനത്തിന്റെ ബിസിനസ് ആണ് നടത്തിയിരുന്നത്. രക്തചന്ദനത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ആഫ്രിക്കയിലെ സ്വര്‍ണഖനികളില്‍ സ്വാധീനമുണ്ടാകുന്നത്. ആഫിക്കയിലെ ഖനികളില്‍നിന്ന് ദുബായിലെ സ്വര്‍ണ മാര്‍ക്കറ്റിലേക്ക് റമീസ് സ്വര്‍ണം എത്തിച്ചിരുന്നു.