മുപ്പതിനായിരത്തിനടുത്ത് പുതിയ രോഗികൾ; 24,000 കടന്ന് മരണം
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി അവസാന 24 മണിക്കൂറിലെ കണക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ എട്ടിനു പ്രഖ്യാപിച്ച പുതുക്കിയ കണക്കിൽ മൊത്തം കൊവിഡ്ബാധിതർ 9,36,181. പുതുതായി രോഗം സ്ഥിരീകരിച്ചത് 29,429 പേർക്ക്. 582 മരണം കൂടിയായതോടെ ഇതുവരെയുള്ള മരണസംഖ്യ 24,309 ആയിട്ടുണ്ട്.
രാജ്യത്ത് ഇപ്പോൾ ആക്റ്റിവ് രോഗികൾ 3,19,840 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. 5.92 ലക്ഷം പേർ രോഗമുക്തരായി. 6,741 പേർക്കു കൂടി മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം വൈറസ്ബാധിതർ ഇതോടെ 2,67,665 ആയിട്ടുണ്ട്. 213 പേരുടെ മരണം കൂടിയാണ് രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 10,695. ഇതുവരെ 1,49,007 പേർ രോഗമുക്തരായി. 1.07 ലക്ഷം ആക്റ്റിവ് കേസുകൾ സംസ്ഥാനത്തുണ്ട്.
4,526 പേർക്കു കൂടിയാണ് തമിഴ്നാട്ടിൽ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 1,47,324. അറുപത്തേഴു പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 2,099. ചെന്നൈയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവുണ്ടായിട്ടുണ്ട്. 1078 പുതിയ കേസുകളാണ് തമിഴ്നാടിന്റെ തലസ്ഥാന നഗരത്തിൽ. കഴിഞ്ഞദിവസം 1,140 കേസുകളായിരുന്നു. 47,912 ആക്റ്റിവ് കേസുകളാണ് ഇപ്പോൾ തമിഴ്നാട്ടിലുള്ളത്.
ഡൽഹിയിൽ 1,606 പുതിയ കേസുകൾ കൂടി കണ്ടെത്തി. 1,15,346 കേസുകളാണ് ഇതുവരെ രാജ്യതലസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. അതേസമയം ആക്റ്റിവ് കേസുകൾ 18,664 മാത്രമാണ്. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവരുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ജൂലൈ 11ന് 1,781 കേസുകളാണു കണ്ടെത്തിയത്. 12ന് 1574, 13ന് 1246 എന്നിങ്ങനെ. ഇപ്പോൾ വീണ്ടും വർധനയുണ്ടായി എന്നതാണ് ശ്രദ്ധേയം. ജൂൺ 23ന് 3947 പേർക്കു രോഗബാധ കണ്ടെത്തിയതാണ് ഡൽഹിയിലെ പ്രതിദിന വർധനയിലെ റെക്കോഡ്. 3,411 പേരാണ് ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ചത്.
ഗുജറാത്തിലെ വൈറസ്ബാധിതർ 43,700 പിന്നിട്ടിട്ടുണ്ട്. മരണസംഖ്യ 2,071. അവസാന 24 മണിക്കൂറിൽ 915 പുതിയ കേസുകളാണ് സംസ്ഥാനത്തു സ്ഥിരീകരിച്ചത്. 14 പേരുടെ മരണവും പുതുതായി രേഖപ്പെടുത്തി.