തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ നിര്‍ദേശങ്ങളില്ലാതെ യുകെയുടെ പുതിയ വിസ സിസ്റ്റം
ലണ്ടന്‍: യുകെയിലെ പുതിയ പോയിന്റ് അധിഷ്ടിത വിസ സമ്പ്രദായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ബ്രെക്സിറ്റിനു ശേഷം രാജ്യം നേരിടാന്‍ പോകുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ നിര്‍ദേശങ്ങളില്ലെന്ന് വ്യക്തമാകുന്നു. 2021 ജനുവരി ഒന്നിനാണ് പുതിയ സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നത്. അതായത്, ബ്രെക്സിറ്റിനു ശേഷമുള്ള ട്രാന്സിഷന് സമയം അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം. ഇതു പ്രകാരം വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ തൊഴിലുടമകള്‍ സര്‍ക്കാരിനു വന്‍തുക ഫീസ് നല്‍കേണ്ടി വരും.
ഓസ്ട്രേലിയന്‍ പോയിന്റ് അധിഷ്ടിത സമ്പ്രദായമാണ് യുകെ മാതൃകയാക്കിയിരിക്കുന്നത് എന്നാണ് ആഭ്യന്തര വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ക്കുപരി തൊഴില്‍ പരിചയത്തിനു പ്രധാന്യം നല്കുന്ന സമ്പ്രദായം ഫലപ്രദമാകില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ബ്രെക്സിറ്റ് ട്രാന്സിഷന് സമയം അവസാനിക്കുന്നതു മുതല്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇതേ സമ്പ്രദായത്തിലൂടെ മാത്രമേ ബ്രിട്ടനില്‍ ജോലി തേടാന്‍ സാധിക്കൂ. കിഴക്കന്‍ യൂറോപ്പില്‍ നിന്നടക്കം വിവിധ ഷെങ്കന്‍ മേഖലാ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ യുകെയില്‍ ജോലി ചെയ്യുന്നുണ്ട്. ഒറ്റയടിക്ക് ഇത്രയധികം പേരുടെ കുറവ് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് മാര്‍ഗങ്ങളൊന്നും പുതിയ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
2008ല്‍ അന്നത്തെ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടു വന്ന പോയിന്റ് അധിഷ്ടിത സമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമാണ് പുതിയ രീതി. കുടിയേറ്റം ഗണ്യമായി കുറയ്ക്കുക എന്നതാണ് ഇപ്പോഴത്തേതിന്റെ പ്രധാന ലക്ഷ്യം എന്ന പ്രതീതിയാണ് ഉയരുന്നത്.
അതേസമയം, അതി സങ്കീര്‍ണവും ചെലവേറിയതും ചുവപ്പുനാടകള്‍ നിറഞ്ഞതുമായ യുകെ വിസ സമ്പ്രദായം അതേപടി പുതിയ സിസ്റ്റത്തിലും തുടരുകയും ചെയ്യും. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ വിസ സിസ്റ്റത്തിലൊന്നാണ് യുകെയുടേത്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തെ യുകെയിലെത്തിക്കണമെങ്കില് ഇരുപതിനായിരം പൗണ്ട് ചെലവ് വരും.
അവിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം വെട്ടിക്കുറയ്ക്കുകയും വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ വിസ സമ്പ്രദായം രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള അവിദഗ്ധ വിഭാഗത്തെ ഇത്തരത്തില്‍ അവഗണിക്കുന്നതു ശരിയല്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.