8.2 ലക്ഷം പിന്നിട്ട് ഇന്ത്യ; 27,114 പേർക്കു കൂടി വൈറസ്ബാധ
ന്യൂഡൽഹി: രാജ്യത്ത് ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കുപ്രകാരം മൊത്തം കൊവിഡ് ബാധിതർ 8,20,916 ആയി ഉയർന്നു. അവസാന 24 മണിക്കൂറിൽ 27,114 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 22,123 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 519 മരണങ്ങളാണ് കൂട്ടിചേർക്കപ്പെട്ടത്.
7,862 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ 2,38,461 ആയിട്ടുണ്ട്. 226 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ മൊത്തം മരണസംഖ്യ 9,893 ആയും ഉയർന്നു.
3680 പേർക്കു കൂടിയാണ് തമിഴ്നാട്ടിൽ രോഗം കണ്ടെത്തിയിരിക്കുന്നത്. അവിടുത്തെ മൊത്തം രോഗബാധിതർ 1,30,261 ആയിട്ടുണ്ട്. 64 പേരാണ് അവസാന 24 മണിക്കൂറിൽ മരിച്ചത്. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 1829. ഇതുവരെ 82,324 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു. 46,100ലേറെ പേരാണ് ആക്റ്റിവ് രോഗികളായുള്ളത്.
ഇന്നലെ 1205 പുതിയ കേസുകളാണ് ചെന്നൈയിൽ മാത്രം സ്ഥിരീകരിച്ചത്. സംസ്ഥാന തലസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതർ ഇപ്പോൾ 74,969 പേരാണ്. 37,309 സാംപിളുകൾ ഇന്നലെയും പരിശോധിച്ച തമിഴ്നാട് ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്. 15.29 ലക്ഷം പേർക്ക് തമിഴ്നാട്ടിൽ കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞു.
ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2089 പുതിയ കേസുകൾ. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 1.09 ലക്ഷം പിന്നിട്ടു. 42 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ കൊവിഡ് മരണസംഖ്യ 3,300 ആയി ഉയർന്നിട്ടുണ്ട്. 1,09,140 പേർക്കാണ് ഇതുവരെ ഡൽഹിയിൽ രോഗബാധയുണ്ടായതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
21,146 പേരാണ് രാജ്യതലസ്ഥാനത്ത് ആക്റ്റിവ് രോഗികളായുള്ളത്. 84,000ൽ ഏറെ പേർ രോഗമുക്തരായി. ഈ ഉയർന്ന റിക്കവറി നിരക്കാണ് ഡൽഹിയുടെ ആശ്വാസം. 22,961 പേർക്കാണ് വെള്ളിയാഴ്ച ഡൽഹിയിൽ കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ മൊത്തം വൈറസ് ടെസ്റ്റുകൾ 7.47 ലക്ഷം കടന്നിട്ടുണ്ട്.