പ്രതിദിന വർധന വീണ്ടും 22,000ൽ അധികം; രോഗബാധിതർ 7.42 ലക്ഷം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,42,417 ആയി ഉയർന്നു. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് 482 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ മൊത്തം കൊവിഡ് മരണം 20,642 ആയിട്ടുണ്ട്. വീണ്ടും 22,000ലേറെ പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ 22,752 പേർക്കാണു രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 4,56,831 പേർ രോഗമുക്തി നേടിയിട്ടുണ്ട്. റിക്കവറി നിരക്ക് 61.53 ശതമാനമായി ഉയർന്നു.
അവസാന 24 മണിക്കൂറിൽ 5134 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 2,17,121 ആയി ഉയർന്നിട്ടുണ്ട്. 224 പേർ കൂടിയാണു സംസ്ഥാനത്തു മരിച്ചത്. ഇതുവരെയുള്ള മരണസംഖ്യ 9250. മുംബൈ നഗരത്തിലെ മൊത്തം രോഗബാധിതർ 86,509 ആയി ഉയർന്നിട്ടുണ്ട്. നഗരത്തിലെ മരണസംഖ്യ 5,002.
തമിഴ്നാട്ടിൽ 3,616 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതർ ഇതോടെ 1,18,594 ആയിട്ടുണ്ട്. 65 പേർ കൂടി സംസ്ഥാനത്തു മരിച്ചതോടെ മരണസംഖ്യ 1,636 ആയി. സംസ്ഥാനത്തെ സാംപിൾ പരിശോധനകൾ 14 ലക്ഷം കടന്നിട്ടുണ്ട്. ഇന്നലെ മാത്രം 40,000 പേരുടെ സാംപിളുകളാണു പരിശോധിച്ചത്. 71,230 പേർക്കു രോഗം ബാധിച്ച ചെന്നൈയാണ് തമിഴ്നാട്ടിലെ പ്രധാന വെല്ലുവിളി ഉയർത്തുന്ന നഗരം. 1747 പേർക്കു കൂടിയാണ് ഇന്നലെ നഗരത്തിൽ വൈറസ് സ്ഥിരീകരിച്ചത്.
ഡൽഹിയിൽ 2008 പുതിയ കേസുകൾ കൂടി കണ്ടെത്തി. ഇതോടെ മൊത്തം രോഗബാധിതർ 1.02 ലക്ഷമായിട്ടുണ്ട്. 50 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള കൊവിഡ് മരണം 3,165 ആയി. ഗുജറാത്തിൽ 778 പേർക്കു കൂടിയാണു രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 37,636 ആയിട്ടുണ്ട്. സംസ്ഥാനത്തെ മരണസംഖ്യ 1,979.