സ്വര്‍ണകടത്ത്: സഹായത്തിന് കൊച്ചി ക്വട്ടേഷന്‍ ടീം
കൊച്ചി: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനു സഹായായികളായി ബന്ധപ്പെട്ട് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍. മുംബൈ അധോലോക സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ ജില്ലയിലുണ്ടെന്നാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നല്കുന്ന സൂചന. വിദേശത്ത് നിന്നു സ്വര്‍ണവുമായി കാരിയര്‍മാര്‍ പുറപ്പെടുമ്പോള്‍ തന്നെ സംഘത്തിനു വിവരം ലഭിക്കും കിട്ടും.
നെടുമ്പാശേരി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന കാരിയര്‍മാരെ വാഹനങ്ങളില്‍ അനുഗമിച്ച് സംരക്ഷണം ഇവര്‍ നല്‍കും. അതിന് കമ്മീഷന് അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പണം ലഭിക്കാത്ത കേസുകളില്‍ ഇത്തരം സംഘങ്ങള്‍ കാരിയര്‍മാരുടെ കൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കൊലപാതക, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചി കേന്ദ്രമായി സ്വര്‍ണക്കടത്തുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. അനസിന്റെ ക്വട്ടേഷന്‍ സംഘത്തിന്റെ പ്രധാന ജോലി ഇത്തരം സ്വര്‍ണം തട്ടലായി. ഗള്‍ഫില്‍ നിന്നു സ്വര്‍ണവുമായി തിരുവനന്തപുരത്ത് വന്നിറങ്ങിയ കാരിയറെ പിന്തുടര്ന്നു സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച അനസിന്റെ ടീമിലെ ചിലരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വന്തം ടീമില്‍ നിന്നു തന്നെയാണ് ഇക്കാര്യം ചോര്‍ന്നതെന്ന് സംശയിച്ച അനസ് സംഘത്തിലെ പ്രമുഖനായ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഉണ്ണിയെ മംഗലാപുരത്ത് എത്തിച്ചു കൊലപ്പെടുത്തിയത് കഴിഞ്ഞ കൊല്ലമായിരുന്നു. കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണമായതിനാല്‍ തട്ടിയെടുത്താലും ആരും പരാതിപ്പെടില്ലെന്ന ധൈര്യമാണ് സംഘത്തിന് ധൈര്യം പകര്‍ന്നത്.
അതിനിടെ, ഡിപ്ലോമാറ്റിക് ബാഗില്‍ കടത്തിയ സ്വര്‍ണത്തിന്റെ കൊച്ചി കണക്ഷന് കസ്റ്റംസ് പരിശോധിച്ചു വരികയാണ്. കൊച്ചി സ്വദേശി ഫാസില്‍ എന്നയാളാണ് സ്വര്‍ണം കൊടുത്തയച്ചതെന്നാണ് ഇതുവരെ കിട്ടിയ സൂചന. എന്നാല്‍ ഇതൊരു വ്യാജ പേരാണെന്നു സംശയിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഷാര്‍ജയിലെ അല്‍ സത്താര്‍ സ്പൈസിസ് എന്ന സ്ഥാപനത്തിന് കേസുമായി ബന്ധമില്ലെന്ന് സ്ഥാപന അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഫാസില്‍ എന്ന പേരില്‍ ആരും കടയില്‍ ജോലി ചെയ്യുന്നില്ലെന്നും ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വില്‍ക്കുന്നതെന്നും നടത്തിപ്പുകാര്‍ വിശദീകരിച്ചിട്ടുണ്ട്. സ്വപ്ന കൊച്ചിയിലെത്തി കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നും ഏറ്റുവാങ്ങിയ സാധനങ്ങളെ കുറിച്ചും അന്വേഷണം തുടരുന്നു.