ഓൺലൈൻ ക്ലാസുകാർക്ക് യുഎസിൽ തുടരാനാവില്ല
ന്യൂയോർക്ക്: നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാവുന്ന തീരുമാനവുമായി അമെരിക്ക. വിദേശത്തുനിന്ന് വന്നവരിൽ ഓൺ ലൈൻ ക്ലാസുകൾ മാത്രമുള്ള സർവകലാശാലാ വിദ്യാർഥികൾ രാജ്യം വിടണമെന്നാണ് യുഎസ് ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ നിർദേശിക്കുന്നത്. ഈ സെമസ്റ്ററിൽ ഓൺ ലൈൻ ക്ലാസുകൾ മാത്രമേയുള്ളൂ എന്നു തീരുമാനിക്കുന്ന സർവകലാശാലകളിലെ വിദേശ വിദ്യാർഥികൾക്കാണ് തീരുമാനം ബാധകമാവുക. കൊവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺ ലൈനായി നടത്തുന്ന സാഹചര്യത്തിലാണിത്.
ക്ലാസുകളിൽ നേരിട്ടു പങ്കെടുക്കാത്ത വിദ്യാർഥികൾ യുഎസിൽ തങ്ങേണ്ടതില്ലെന്നാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പറയുന്നത്. സെപ്റ്റംബർ- ഡിസംബർ സെമസ്റ്ററിലേക്ക് ഓൺ ലൈൻ ക്ലാസുകളിൽ ചേർന്നിട്ടുള്ള വിദ്യാർഥികൾക്ക് വിസ നൽകില്ല.
ഇപ്പോൾ ഓൺ ലൈൻ ക്ലാസുകളിൽ ചേർന്നു പഠിക്കുന്നവർ നേരിട്ടു ഹാജരാകേണ്ട മറ്റു സ്കൂളുകളിലേക്ക് മാറ്റം വാങ്ങേണ്ടതാണ്. അല്ലെങ്കിൽ രാജ്യം വിടണം. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഓൺ ലൈൻ ക്ലാസുകളും ഉള്ളവർക്ക് തുടരാം. എന്നാൽ, ക്ലാസുകൾ ഓൺ ലൈനിൽ മാത്രമല്ലെന്ന് സ്കൂളുകൾ സാക്ഷ്യപ്പെടുത്തണം.
സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ യുഎസിലെത്തി പഠിക്കാനിരിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട് പുതിയ തീരുമാനം. കൊറോണ സാഹചര്യത്തിലുള്ള യാത്രാ നിയന്ത്രണങ്ങൾ യുഎസിലുള്ള വിദ്യാർഥികൾക്ക് നാട്ടിൽ തിരിച്ചെത്താനും വലിയ പ്രതിബന്ധമാണ് സൃഷ്ടിക്കുക.
അമെരിക്കൻ കോളെജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കാൻ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ആധി പലരെയും ബാധിച്ചിരിക്കുന്നു. കൊറോണ വൈറസിന്റെ പേരു പറഞ്ഞ് ഇമിഗ്രേഷൻ സമ്പ്രദായത്തിൽ കാതലായ നിരവധി മാറ്റങ്ങളാണ് ട്രംപ് ഭരണകൂടം കൊണ്ടുവന്നത്. കർശനമായ വിസ നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് ഏർപ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങളോട് യുഎസ് യൂണിവേഴ്സിറ്റികൾ തന്നെ എതിർപ്പു പ്രകടിപ്പിച്ചു രംഗത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിദ്യാർഥികളെ വിലക്കുന്നത് സങ്കീർണായ പ്രശ്നമായി മാറുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ലാരി ബക്കോവ് പറഞ്ഞു. കൊവിഡ് കാലത്ത് വിദേശ വിദ്യാർഥികളെ രാജ്യത്തുനിന്നു തള്ളിപ്പുറത്താക്കുന്നത് ക്രൂരതയും വിദേശികളോടുള്ള വെറുപ്പുമാണ് പ്രകടമാക്കുകയെന്ന് യുഎസ് സെനറ്റർ എലിസബത്ത് വാറൻ ട്വീറ്റ് ചെയ്തു.
വിദ്യാർഥികളെ പരസ്പരം കൈമാറി പഠിപ്പിക്കുന്ന പദ്ധതി പ്രകാരം ഇന്ത്യ 2017ലും 2018ലുമായി 2,51,290 വിദ്യാർഥികളെയാണ് യുഎസിലേക്ക് അയച്ചത്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഈ പദ്ധതി പ്രകാരം തന്നെ യുഎസിലെത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ചൈനയിൽ നിന്ന് 4,78,732 വിദ്യാർഥികളുണ്ട്.