ഏഴു ലക്ഷത്തിലേക്ക്; വീണ്ടും 24,000ൽ ഏറെ രോഗികൾ
ന്യൂഡൽഹി: രാജ്യത്തു തുടർച്ചയായി നാലാം ദിവസവും ഇരുപതിനായിരത്തിലേറെ പേരിൽ പുതുതായി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. 24,000ൽ ഏറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് തുടർച്ചയായി രണ്ടാം ദിവസം. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 24,248 പുതിയ കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ ഏഴുലക്ഷത്തിന് അടുത്തെത്തി. 425 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ ഇതുവരെയുള്ള മരണസംഖ്യ 19,693 ആയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. റഷ്യയെ നാലാം സ്ഥാനത്തേക്കു പിന്തള്ളിയാണിത്. അമെരിക്കയും ബ്രസീലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. റഷ്യയിൽ രോഗവ്യാപനത്തിന്റെ തോത് ഔദ്യോഗിക കണക്കു പ്രകാരം ഗണ്യമായി കുറഞ്ഞപ്പോൾ കഴിഞ്ഞദിവസങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുതിച്ചുകയറ്റമായിരുന്നു ഇന്ത്യയിൽ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് ഇപ്പോൾ 6,97,413 കൊവിഡ് ബാധിതരാണുള്ളത്. ഇതിൽ 4,24,432 പേർ രോഗമുക്തരായവരാണ്. 2,53,280ലേറെ പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ നിരക്ക് 60.85 ശതമാനം. 1.80 ലക്ഷത്തിലേറെ സാംപിളുകളാണ് ഞായറാഴ്ച പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുവരെ 99.69 ലക്ഷത്തിലേറെ സാംപിളുകൾ രാജ്യത്തു പരിശോധിച്ചിട്ടുണ്ട്.
6,555 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ മൊത്തം വൈറസ്ബാധിതർ 2,06,619 ആയി. 151 പേരുടെ മരണം കൂടി സംസ്ഥാനത്തു രേഖപ്പെടുത്തി. മൊത്തം മരണസംഖ്യ 8,822 ആയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച 7,074 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് സംസ്ഥാനത്തെ പ്രതിദിന വർധനയിലെ റെക്കോഡ്. 1,11,740 പേർ മഹാരാഷ്ട്രയിൽ ഇതുവരെ രോഗമുക്തി നേടി. 54.08 ശതമാനമാണ് റിക്കവറി നിരക്ക്. മരണനിരക്ക് 4.27 ശതമാനം.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 3,941 പേരും മുംബൈ മെട്രൊപൊളിറ്റൻ റീജിയണിലുള്ളവരാണ്. എംഎംആറിലെ മൊത്തം വൈറസ് ബാധിതർ ഇതോടെ 1.45,769 ആയിട്ടുണ്ട്. മേഖലയിലെ മരണസംഖ്യ 6,401. മുംബൈ നഗരത്തിലെ മാത്രം രോഗബാധിതർ 84,524. പുതിയ കേസുകളിൽ 1,287 പേരാണ് നഗരത്തിൽ നിന്നുള്ളത്. നഗരത്തിലെ 4,899 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. പൂനെ നഗരത്തിൽ 882 പുതിയ കേസുകൾ.
തമിഴ്നാട്ടിൽ തുടർച്ചയായി നാലാം ദിവസവും നാലായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,150 പുതിയ കേസുകളും 60 മരണവുമാണ് അവസാന 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ മൊത്തം കേസുകൾ 1,11,151 ആയി ഉയർന്നു. മരണസംഖ്യ 1,510 ആയിട്ടുണ്ട്.