ഇ.പി ജയരാജന് രാജിവെച്ചു; രാജി പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനെന്ന് കോടിയേരി;
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന് രാജിവെച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വിവാദമുണ്ടായ സാഹചര്യത്തില്‍ ജയരാജന് മന്ത്രിയായി തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് 142-ാം ദിവസമാണ് ജയരാജന്റെ രാജി.
തനിക്കു തെറ്റു പറ്റിയതായി ഇ.പി.ജയരാജന് ഏറ്റുപറഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകരാതിരിക്കാനാണ് ജയരാജന്റെ രാജി. മറ്റു സര്‍ക്കാരുകളില്‍നിന്നും വ്യത്യസ്തമാണ് എല്‍ഡിഎഫ് സര്‍ക്കാറെന്നു തെളിയിക്കാന്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് ജയരാജന് ആവശ്യപ്പെട്ടു. ഇതിനു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കുകയായിരുന്നു കോടിയേരി വ്യക്തമാക്കി. യുഡിഎഫിന് സാധ്യമാകാത്ത നിലപാട് എല്‍ഡിഎഫ് എടുത്തുവെന്നും കോടിയേരി പറഞ്ഞു.
രാജിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത നിലപാടെടുത്തതിനെ തുടര്‍ന്നാണ് ജയരാജന് രാജിവെച്ചത്. ജയരാജന് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു. പിണറായി വിജയന് സര്‍ക്കാരിന്റെ അഞ്ചാം മാസത്തിലാണ് മന്ത്രിസഭയിലെ പ്രമുഖന് സ്വജനപക്ഷപാതത്തിന്റെ പേരില്‍ പുറത്തുപോകുന്നത്.പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ വിവാദത്തിലാണ് ബന്ധുക്കളെ പ്രധാന തസ്ഥികകളില്‍ നിയമിച്ചതിന്റെ പേരില്‍ നേരിട്ടത്. സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇ പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തില്‍ അറിയിച്ചു. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജാഗ്രത കാട്ടിയില്ലെന്നു മുതിര്‍ന്ന നേതാക്കളും കുറ്റപ്പെടുത്തി. എ.കെ.ബാലന്, എളമരം കരീം, പി.കെ.ഗുരുദാസന് തുടങ്ങിയവരാണ് വിമര്‍ശനം ഉന്നയിച്ചത്.
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന് പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന് നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഏറെ വിവാദങ്ങള്‍ക്കുശേഷം രാജി ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന നിര്‍ണായക സെക്രട്ടേറിയേറ്റില്‍ നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായി. ജാഗ്രത കാട്ടിയില്ലെന്നു മുതിര്‍ന്ന നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്റെ നടപടിയെ ഭൂരിപക്ഷം അംഗങ്ങളും വിമര്‍ശിച്ചു. ജയരാജന്റെ നടപടി പാര്‍ട്ടിക്ക് അപമാനമായെന്നും ജയരാജനെതിരെ മാതൃകാപരമായ നടപടി വേണമെന്ന അഭിപ്രായമായിരുന്നു യോഗത്തില്‍ ഉയര്‍ന്നത്. തോമസ് ഐസക്, എ.കെ.ബാലന്, ടി.പി.രാമകൃഷ്ണന് എന്നിവര്‍ ജയരാജനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയരാജന്റെ രാജി തീരുമാനം അംഗീകരിക്കണമെന്ന നിലപാടിനാണ് യോഗത്തില്‍ മുന്‍തൂക്കമുണ്ടായത്. എന്നാല്‍ ത്വരിത പരിശോധനയ്ക്കു ശേഷം മാത്രം മതി രാജിയെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
ജനതാദള്‍(എസ്), എന്‍സിപി കക്ഷികളും മന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലായിരുന്നു. വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കു പുറത്തും ജയരാജന് ഒറ്റപ്പെട്ട നിലയിലായിരുന്നു. നടപടി എടുക്കാതിരിക്കാന്‍ പാര്‍ട്ടിക്കു കഴിയാത്ത സ്ഥിതിയാണുണ്ടായത്. നിയമനിര്‍മാണം, ചീഫ് സെക്രട്ടറിയുടെ അന്വേഷണം എന്നിവ കൊണ്ടൊന്നും ജയരാജനെ കുരുക്കില്‍ നിന്ന് ഊരിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സൂചന. പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കാന്‍ തയാറാണെന്ന ജയരാജന്റെ പ്രഖ്യാപനം ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വം പ്രശ്നം തങ്ങളുടെ തലവേദനയല്ലെന്ന മട്ടില്‍ എല്ലാ സംസ്ഥാന നേതൃത്വത്തിനു മുന്നിലേക്കു വിടുകയാണ് ചെയ്തത്. നടപടി കേരളത്തില്‍ തന്നെ എടുക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ സ്പെഷ്യല്‍ യൂണിറ്റ്2 വിനാണ് അന്വേഷണ ചുമതല.