കൊവിഡ് ബാധിതർ ആറു ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് 19,148 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ ആറു ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 434 പേർ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മൊത്തം കൊവിഡ് മരണം 17,834 ആയി. മൊത്തം രോഗബാധിതർ 6,04,641.
ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കേസുകളുടെ കണക്കാണ് മഹാരാഷ്ട്രയിൽ നിന്ന്. 5,537 പേർക്കു കൂടി സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 1,80,298 ആയിട്ടുണ്ട്. ജൂൺ 28ന് 5493 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനു മുൻപുള്ള സംസ്ഥാനത്തെ റെക്കോഡ്. 198 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തു മൊത്തം വൈറസ് ബാധിച്ചു മരിച്ചവർ 8053 ആയി ഉയർന്നു.
തമിഴ്നാട്ടിൽ രോഗബാധിതർ 94,049 ആയിട്ടുണ്ട്. 3,882 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,264 ആയി. 63 പേരുടെ മരണമാണു പുതുതായി സ്ഥിരീകരിച്ചത്. ഡൽഹിയിൽ 2,442 പുതിയ കേസുകൾ. മൊത്തം വൈറസ് ബാധിതർ ഇതോടെ 89,000 പിന്നിട്ടു. മരണസംഖ്യ 2803 ആയിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ 61 പേരാണു മരിച്ചത്. ഗുജറാത്തിൽ 33,318 പേർക്കാണു രോഗബാധയുണ്ടായത്. മരണം 1,869 ആയിട്ടുണ്ട്.