507 മരണം കൂടി; രോഗബാധിതർ 5.85 ലക്ഷത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടുതൽ കൊവിഡ് മരണം ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ. 507 പേരുടെ മരണമാണ് പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിൽ മൊത്തം കൊവിഡ് മരണം 17,400 ആയി. രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 5,85,493 ആയും ഉയർന്നിട്ടുണ്ട്. 18,653 പുതിയ കേസുകളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
2,20,114 ആക്റ്റിവ് കേസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. 3.47 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. 2.18 ലക്ഷത്തോളം സാംപിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐസിഎംആർ. മൊത്തം 86 ലക്ഷം സാംപിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ 1,74,761 ആയിട്ടുണ്ട്. 4878 പുതിയ കേസുകൾ കണ്ടെത്തിയതോടെയാണിത്. 245 മരണം കൂടി കണക്കുകളിൽ ചേർത്തതോടെ സംസ്ഥാനത്തു വൈറസ് ബാധിച്ചു മരിച്ചവർ 7855 ആയി. അഞ്ചു ദിവസത്തിനിടെ ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ കേസുകളുടെ പ്രതിദിന ശരാശരി 5000ൽ താഴെയാവുന്നത്.
1951 പേരെയാണ് ഇന്നലെ ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 90,911 ആയിട്ടുണ്ട്. 9.66 ലക്ഷം പേരെയാണ് ഇതുവരെ മഹാരാഷ്ട്രയിൽ പരിശോധിച്ചത്. അതിൽ 18.07 ശതമാനം പേർ പോസിറ്റീവായി. മരണനിരക്ക് 4.49 ശതമാനമാണ് ഇപ്പോൾ. റിക്കവറി നിരക്ക് 52.02 ശതമാനം.
മുംബൈ നഗരത്തിൽ 893 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. മൊത്തം വൈറസ്ബാധിതർ 77,000 പിന്നിട്ടു. നഗരത്തിലെ മരണസംഖ്യ 4,554 ആയിട്ടുണ്ട്. മുംബൈ മെട്രൊപൊളിറ്റൻ റീജിയണിൽ 3075 കേസുകൾ പുതുതായി കണ്ടെത്തി. പൂനെ നഗരത്തിൽ 816 പുതിയ കേസുകളാണുള്ളത്; ഔറംഗബാദിൽ 128.
തമിഴ്നാട്ടിൽ വീണ്ടും നാലായിരത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം രോഗബാധിതർ 90,000 പിന്നിടുകയും ചെയ്തു. 60 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1201 ആയി. ചെന്നൈയിലാണ് കൂടുതൽ പുതിയ കേസുകൾ- 2393. തുടർച്ചയായി മൂന്നാം ദിവസമാണ് തമിഴ്നാട്ടിൽ നാലായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ മൊത്തം രോഗബാധിതരായ 90,167 പേരിൽ 58,327 പേരും ചെന്നൈയിലാണ്.
87,360 രോഗബാധിതരാണ് ഡൽഹിയിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച നഗരം. ഇതിൽ 66,526 കേസുകളും (75 ശതമാനത്തിലേറെ) ജൂൺ മാസത്തിൽ ഉണ്ടായതാണ്- അൺ ലോക് വൺ കാലഘട്ടത്തിൽ. അൺ ലോക് 2 ഇന്ന് ആരംഭിക്കുമ്പോൾ ഇത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 40,000 പേർക്ക് രോഗം സുഖപ്പെട്ടു എന്നതാണ് ഇതിനിടയിലെ ആശ്വാസം. ജൂണിൽ മൊത്തം രോഗം ഭേദമായത് 49,476 പേർക്ക്. 66 ശതമാനമാണ് ഡൽഹിയിലെ റിക്കവറി നിരക്ക്. ഇപ്പോഴത്തെ ദേശീയ ശരാശരി 60 ശതമാനമാണ്. അതിലും വളരെ മികച്ച നിരക്ക്.
ജൂൺ 30ഓടെ ഡൽഹിയിലെ വൈറസ് ബാധിതർ ഒരു ലക്ഷത്തിലെത്തിയേക്കാമെന്നാണ് മാസത്തിന്റെ തുടക്കത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നത്. ആരോഗ്യ വിദഗ്ധരുടെ നിഗമനമായിരുന്നു ഇത്. ഈ കണക്കുവച്ച് ജൂലൈ 31ന് അഞ്ചര ലക്ഷം കേസുകളാണ് ഡൽഹിയിൽ പ്രവചിച്ചിരിക്കുന്നത്.