18,500ലേറെ പുതിയ കേസുകൾ; 418 പേർ കൂടി മരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5.66 ലക്ഷത്തിൽ. മരണസംഖ്യ 16,893 ആയി ഉയർന്നു. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 18,522 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 418 പേർ കൂടി മരിച്ചു. മൊത്തം രോഗബാധിതർ 5,66,840 ആണ്.
രോഗം ഭേദമായവരുടെ നിരക്ക് 59.07 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 3,34,821 പേർ രോഗമുക്തരായി. 2,15,125 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവസാന 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മരണങ്ങളിൽ 181ഉം മഹാരാഷ്ട്രയിലാണ്. തമിഴ്നാട്ടിൽ 62 പേരും ഡൽഹിയിൽ 57 പേരും മരിച്ചു. ഗുജറാത്തിലും കർണാടകയിലും 19 പേർ വീതമാണു മരിച്ചത്.
പശ്ചിമ ബംഗാളിൽ 14. യുപിയിൽ 12 പേരും ആന്ധ്രയിൽ 11 പേരും ഹരിയാനയിൽ ഒമ്പതു പേരും മധ്യപ്രദേശിൽ ഏഴു പേരും വൈറസ് ബാധിച്ചു മരിച്ചു. രാജസ്ഥാനിലും തെലങ്കാനയിലും ആറു പേർ വീതം. 2.10 ലക്ഷം സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 1,69,883 ആയിട്ടുണ്ട്. 5257 പേർക്കാണ് ഇന്നലെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള കൊവിഡ് മരണം 7610 ആയും ഉയർന്നു. തുടർച്ചയായി നാലാം ദിവസമാണ് സംസ്ഥാനത്ത് അയ്യായിരത്തിലേറെ കേസുകൾ സ്ഥിരീകരിക്കുന്നത്. അതേസമയം, ഇന്നലെ ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ചെയ്തത് 2,385 പേരെയാണ്. 88,960 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി.
മുംബൈ നഗരത്തിൽ മാത്രം 76,765 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 4463 പേർ നഗരത്തിൽ മരിച്ചു. അവസാന 24 മണിക്കൂറിൽ മുംബൈയിൽ 1226 പേർക്ക് പുതുതായി രോഗം കണ്ടെത്തിയിട്ടുണ്ട്. മുംബൈ അടങ്ങുന്ന താനെ ഡിവിഷനിലെ രോഗബാധിതർ 1,22,325 ആയി. 5412 പേരാണ് ഡിവിഷനിൽ മരിച്ചത്. പൂനെ ഡിവിഷനിൽ 24980 പേർക്കു രോഗബാധയും 1040 മരണവും. പൂനെ നഗരത്തിലെ മാത്രം രോഗബാധിതർ 17,223 ആയിട്ടുണ്ട്. 634 പേർ ഈ നഗരത്തിൽ ഇതുവരെ മരിച്ചു.
മൊത്തം രോഗബാധിതരിൽ തമിഴ്നാട് വീണ്ടും രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഡൽഹിയിൽ പ്രതിദിന വർധനയിലുണ്ടായ കുറവാണ് ഇതിനു കാരണം. ഇന്നലെ തമിഴ്നാട്ടിൽ 3,949 പുതിയ കേസുകൾ കൂടി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മൊത്തം രോഗബാധിതർ 86,224 ആയിട്ടുണ്ട്. ഇതിൽ 55,969 കേസുകളും ചെന്നൈയിലാണ്. അവസാന 24 മണിക്കൂറിൽ 2,167 കേസുകളാണു ചെന്നൈയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലെ മരണസംഖ്യ 1,141 ആയിട്ടുണ്ട്.
2,084 പുതിയ കേസുകളാണു ഡൽഹിയിൽ. മൊത്തം രോഗബാധിതർ 85,161. മരണസംഖ്യ 2,680 ആയി. കൊവിഡ് രോഗികൾക്കായി രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.