അഞ്ചു ലക്ഷം പിന്നിട്ട് വൈറസ് ബാധിതർ; പുതിയ കേസുകൾ 18,552
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും റെക്കോഡിൽ. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 18,552 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 17,296 പേർക്ക് രോഗം കണ്ടെത്തി ഏറ്റവും വലിയ പ്രതിദിന വർധന രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ അതിലും വലിയ വ്യാപനക്കണക്കാണ് രാജ്യത്തിനു മുന്നിലെത്തുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ അഞ്ചുലക്ഷം കടന്നു. 384 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണസംഖ്യ 15,685 ആയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 5,08,953 ആയി. നാലു ലക്ഷത്തിൽ നിന്ന് രോഗബാധിതർ അഞ്ചു ലക്ഷത്തിലെത്തിയത് ആറു ദിവസം കൊണ്ടാണ്. തുടർച്ചയായി എട്ടാം ദിവസമാണ് 14,000ൽ ഏറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പത്തു നഗരങ്ങളിലോ ജില്ലകളിലോ ആയാണ് രോഗബാധിതരിൽ പകുതിയിലേറെയും. ഡൽഹി, മുംബൈ, പൂനെ, താനെ, ചെന്നൈ, അഹമ്മദാബാദ്, പൽഘർ, ഹൈദരാബാദ്, ഫരീദാബാദ്, രംഗറെഡ്ഡി എന്നിവയാണ് ഈ നഗരങ്ങൾ.
ഇതുവരെ 58.13 ശതമാനം പേർ രോഗമുക്തി നേടിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. 2,95,880 പേരാണു രോഗം ഭേദമായവർ. ഇപ്പോൾ ചികിത്സയിലുള്ളത് 1,97,387 പേരാണ്. അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 175 പേരുടെ മരണം കൂടി കണക്കുകളിൽ കൂട്ടിച്ചേർത്തു. ഡൽഹിയിൽ 63 പേരും തമിഴ്നാട്ടിൽ 46 പേരും യുപിയിൽ 19 പേരും ഗുജറാത്തിൽ 18 പേരുമാണ് പുതുതായി മരിച്ചത്. ഹരിയാനയിൽ 13, ആന്ധ്രയിൽ 12, പശ്ചിമ ബംഗാളിലും കർണാടകയിലും പത്തു വീതം മരണങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. തെലങ്കാനയിൽ ഏഴും മധ്യപ്രദേശിൽ നാലും പഞ്ചാബിൽ രണ്ടും പേരുടെ മരണവും ഇന്നലെ രേഖപ്പെടുത്തി.
മഹാരാഷ്ട്രയിൽ മൊത്തം കൊവിഡ് മരണം 7,100 കടന്നിട്ടുണ്ട്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇതാദ്യമായി സംസ്ഥാനത്ത് 5000 കടക്കുകയും ചെയ്തു. 5024 പേർ കൂടി പോസിറ്റീവ് ആയതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 1,52,765 ആയിട്ടുണ്ട്.
ഡൽഹിയിൽ 3460 പേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതർ 77,240 ആയിട്ടുണ്ട്. 2492 പേർ ഇതുവരെ രാജ്യതലസ്ഥാനത്തു മരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 27,657 പേരാണ്. ഇതുവരെ രോഗപരിശോധന നടത്തിയത് 4.59 ലക്ഷം പേർക്കാണെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു.
തുടർച്ചയായി രണ്ടാം ദിവസവും 3500ലേറെ പേർക്ക് വൈറസ് സ്ഥിരീകരിച്ചു തമിഴ്നാട്ടിൽ. മൊത്തം മരണം 957 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ഇന്നലത്തെ പരിശോധനയിൽ 3645 പേർക്കാണ് കൊവിഡ് ഉണ്ടെന്നു കണ്ടെത്തിയത്. തമിഴ്നാട്ടിലെ മൊത്തം രോഗബാധിതർ 74,622 ആയിട്ടുണ്ട്. ഈ മാസം മാത്രം 52,289 പേർക്കാണ് സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്. മേയ് 31ന് സംസ്ഥാനത്തുണ്ടായിരുന്നത് 22,333 രോഗബാധിതരാണ്. വ്യാപകമായ പരിശോധനയാണ് ഇത്രയധികം വൈറസ് ബാധിതരെ കണ്ടെത്താൻ സഹായിച്ചതെന്ന് മുഖ്യമന്ത്രി പളനി സാമി അവകാശപ്പെടുന്നു. ഇന്നലെയും 33,675 സാംപിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലേറെ പേർക്ക് പരിശോധന നടത്തിയിട്ടുണ്ട്.
ഗുജറാത്തിൽ മൊത്തം രോഗബാധിതർ 30,000 പിന്നിട്ടു. 580 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം സംഖ്യ 30,158 ആയി. മൊത്തം മരണം 1772 ആയിട്ടുണ്ട്. അഹമ്മദാബാദ് ജില്ലയിൽ മാത്രം രോഗബാധിതർ 20,058. അതേസമയം, ഗുജറാത്തിൽ ഇപ്പോൾ ചികിത്സയിലുള്ളത് 6348 പേരാണ്. 22,000ൽ ഏറെ പേരും രോഗമുക്തരായി.
ഉത്തർപ്രദേശിൽ 21,000ന് അടുത്തെത്തി രോഗബാധിതർ. സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ 20,943. ഇപ്പോൾ ചികിത്സയിലുള്ളത് 6730 പേരാണ്. സംസ്ഥാനത്തെ മരണസംഖ്യ 630 ആയിട്ടുണ്ട്. 6.42 ലക്ഷം പേർക്കാണ് യുപിയിൽ ഇതുവരെ കൊവിഡ് പരിശോധന നടത്തിയത്.