മണ്ടത്തരം തിരുത്തിയതിൽ സന്തോഷമാണു പ്രകടിപ്പിച്ചത്: വി. മുരളീധരൻ
ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം കേരള സർക്കാരിനെ അഭിനന്ദിക്കുകയല്ല, മണ്ടത്തരം തിരുത്തിയതിൽ സന്തോഷം പ്രകടിപ്പിക്കുകയാണു ചെയ്തതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഈ മാസം 24ന് കേന്ദ്രം അയച്ച കത്ത് മറച്ചുവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്കുകാർ 25ലെ കത്ത് അഭിനന്ദനമെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും മുരളീധരൻ കത്തുകൾ സഹിതമെത്തി, അവ വായിച്ചുകൊണ്ട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർഥം മനസിലാകാത്തവരാണോ പിആർ വർക്ക് നടത്തുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
പ്രവാസികളെ വിമാനത്തിൽ കൊണ്ടുവരുന്നതിനു പുറപ്പെടുന്ന നാടുകളിൽ കൊവിഡ് പരിശോധന നടത്തണമെന്നും പിപിഇ കിറ്റ് ഉപയോഗിക്കണമെന്നുമെല്ലാം കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിനു മാത്രമുള്ള നിർദേശങ്ങൾ പ്രായോഗികമല്ലെന്നും ദേശവ്യാപകമായി ഒരൊറ്റ മാർഗനിർദേശമേ പറ്റൂ എന്നും ഇതിന് ജൂൺ 24ന് കേന്ദ്രം മറുപടി നൽകി. സംസ്ഥാന സർക്കാർ ഉന്നയിച്ച നിബന്ധനകൾ തിരുത്തുകയാണെന്നാണ് ഇതിനു കേരള സർക്കാർ മറുപടി നൽകിയത്. കൊവിഡ് ടെസ്റ്റ് പോലുള്ള നിബന്ധനകൾ ഒഴിവാക്കി മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണം എന്നാക്കി മാറ്റിയെന്നു കേരളം അറിയിക്കുകയായിരുന്നു. പ്രായോഗികമല്ലാത്ത നിർദേശങ്ങൾ തിരുത്തിയതിൽ സന്തോഷം എന്നാണ് ജൂൺ 25ന് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. അബദ്ധം തിരുത്തിയതിലുള്ള സന്തോഷം എങ്ങനെ അഭിനന്ദനമാകും- മുരളീധരൻ ചോദിക്കുന്നു.
കേരള സർക്കാർ നേരത്തേ ഉന്നയിച്ച നിബന്ധനകൾ ഒഴിവാക്കിയെന്ന കാര്യം ഗൾഫിലെ അംബാസഡർമാരെ അറിയിക്കാം എന്നാണ് അന്നത്തെ കത്തിൽ കേന്ദ്രം പറഞ്ഞിരിക്കുന്നത്. മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് തുടങ്ങിയ കാര്യങ്ങൾ നിങ്ങൾ വിമാനക്കമ്പനികളോടു സംസാരിച്ചോളൂ എന്നും പറഞ്ഞിട്ടുണ്ട്. അതല്ലാതെ കത്തിൽ കൊവിഡ് പരിശോധനയും പിപിഇ കിറ്റും സംബന്ധിച്ച് പരാമർശമൊന്നുമില്ല- അദ്ദേഹം പറഞ്ഞു.
ഇന്നലെ ഇംഗ്ലീഷിലുള്ള വാചകം ഞാൻ മലയാളത്തിൽ പറഞ്ഞു. മലയാളം മനസിലാകാത്തവർ ആരോ ഉണ്ട്. അവർക്കു വേണ്ടി ഞാൻ ഇംഗ്ലീഷിൽ തന്നെ പറയാമെന്നു പറഞ്ഞാണ് കത്തുകൾ മുരളീധരൻ വായിച്ചത്. കേന്ദ്ര സർക്കാർ കൊവിഡ് കാര്യങ്ങളിൽ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കത്തയക്കാറുണ്ട്. തെലങ്കാനയെയും ഒഡിഷയെയും ഹരിയാനയെയും അഭിനന്ദിച്ച് കേന്ദ്രം കത്തയച്ചിട്ടുണ്ടെന്ന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതൊന്നും മറ്റൊരു സംസ്ഥാനവും കൊട്ടിഘോഷിച്ചു നടക്കാറില്ല- മുരളീധരൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ ടെസ്റ്റുകൾ കുറവാണെന്ന തന്റെ നിലപാട് കേന്ദ്ര മന്ത്രി ആവർത്തിച്ചു. ടെസ്റ്റിങ്ങിൽ കേരളം ഇപ്പോൾ ഇരുപത്തെട്ടാം സ്ഥാനത്താണ്. ഇങ്ങനെ പിആർ വർക്ക് നടത്താനുപയോഗിക്കുന്ന പണം ടെസ്റ്റ് നടത്താൻ വിനിയോഗിക്കണം- മുരളീധരൻ ആവശ്യപ്പെട്ടു. ടെസ്റ്റ് നടത്തണമെന്ന് താൻ ആവശ്യപ്പെടുന്നതിനെ പരിഹസിക്കുന്നവർ പിന്നാലെ ടെസ്റ്റുകൾ കൂട്ടുന്നുണ്ടെന്നും അതു നല്ല കാര്യമെന്നും കേന്ദ്ര മന്ത്രി. ഇപ്പോൾ വെബിനാറുകളിൽ പലരും പങ്കെടുക്കുന്നുണ്ട്. താനും പങ്കെടുക്കുന്നുണ്ട്. അതിനൊന്നും ഫ്ലക്സ് വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം.