വീണ്ടും റെക്കോഡ് വർധന; 16,922 പേർക്കു കൂടി വൈറസ് ബാധ
ന്യൂഡൽഹി: ഒരു ദിവസം രാജ്യത്തു കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ പുതിയ റെക്കോഡ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 16,922 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 4,73,105 ആയി. 24 മണിക്കൂറിനിടെ 418 പേർ കൂടി വൈറസ് ബാധിച്ചു മരിച്ചു. ഇന്ത്യയിലെ കൊവിഡ് മരണം ഇതുവരെ 14,894 ആയിട്ടുണ്ട്.
തുടർച്ചയായി ആറാം ദിവസമാണ് 14,000ൽ ഏറെ കേസുകൾ രാജ്യത്തു റിപ്പോർട്ട് ചെയ്യുന്നത്. 2,71,696 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. റിക്കവറി നിരക്ക് 57.43 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം. 1,86,514 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ 208 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഡൽഹിയിൽ 64ഉം തമിഴ്നാട്ടിൽ 33ഉം ഗുജറാത്തിൽ 25ഉം കർണാടകയിൽ 14ഉം പശ്ചിമ ബംഗാളിൽ 11ഉം പേർ വീതം മരിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പത്തു പേരുടെ വീതം മരണമാണ് 24 മണിക്കൂറിൽ കണക്കുകളിലെത്തിയത്. മധ്യപ്രദേശിൽ ഒമ്പതു പേർ കൂടി മരിച്ചു. ഉത്തർപ്രദേശിലും പഞ്ചാബിലും എട്ടു പേർ വീതമാണു മരിച്ചത്.
മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 1,42,900 ആയിട്ടുണ്ട്. ഡൽഹിയിൽ 70,390 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 67,468 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. ഗുജറാത്തിൽ 28,943. ഉത്തർപ്രദേശിൽ 19,557.
മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ 3890 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 6739 ആയിട്ടുണ്ട്. പുതുതായി ചേർക്കപ്പെട്ട 208 മരണത്തിൽ 136ഉം കഴിഞ്ഞദിവസങ്ങളിൽ വിട്ടുപോയത് കൂട്ടിച്ചേർത്തതാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം.
കൊവിഡ് ബാധിച്ചിരുന്നതായി മരണസമയത്ത് തിരിച്ചറിയാതിരുന്നതിനാൽ ലിസ്റ്റിൽ ചേർക്കാതെ പോയതാണെന്നും മുംബൈയിൽ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 62,354 പേരാണ് ചികിത്സയിലുള്ളത്. അഞ്ചര ലക്ഷത്തിലേറെ പേർ ഹോം ക്വാറന്റൈനിലുണ്ട്. 33,000ൽ ഏറെ പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലും.
മുംബൈ നഗരത്തിലെ മൊത്തം രോഗബാധിതർ 69,528 ആണ്. 3964 പേർ നഗരത്തിൽ ഇതുവരെ മരിച്ചു. മുംബൈ അടങ്ങുന്ന താനെ ഡിവിഷനിൽ 1,04,325 കേസുകളുണ്ട്; 4923 മരണവും. പൂനെ ഡിവിഷനിൽ രോഗബാധിതർ 20,689 ആയി ഉയർന്നു. പൂനെ നഗരത്തിൽ മാത്രം 14.461 പേർക്കു രോഗം ബാധിച്ചു. നഗരത്തിലെ ഇതുവരെയുള്ള മരണം 544. പൂനെ ഡിവിഷനിലെ മൊത്തം മരണം 910