യുഎസിൽ വീണ്ടും കൊവിഡ് കുതിപ്പ്, ആശങ്കയിൽ ആരോഗ്യ വിദഗ്ധർ
ഹൂസ്റ്റൺ: അമെരിക്കയിൽ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വൻ കുതിപ്പ്. ഇത് വളരെ അപകടകരമെന്ന് ആരോഗ്യ വിദഗ്ധർ. രാഷ്ട്രീയ നേതൃത്വങ്ങളും പൊതുജനങ്ങളും സ്ഥിതിഗതികൾ വഷളാക്കരുതെന്ന് മുന്നറിയിപ്പ്.
കഴിഞ്ഞദിവസം 34,700 പേർക്കാണ് യുഎസിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ അവസാനത്തിനുശേഷം ഇത്രയും പേർ ഒരു ദിവസം പോസിറ്റീവാകുന്നത് രാജ്യത്ത് ആദ്യം. ഏപ്രിലിൽ 36,400ൽ എത്തിയതാണ് യുഎസിലെ പീക്ക്. അതിനുശേഷം കുറഞ്ഞുവന്ന പുതിയ രോഗബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നത് ജാഗ്രത കൈവിട്ടതുകൊണ്ടാണെന്നാണു നിഗമനം.
പഴയ ഹോട്ട് സ്പോട്ടുകളായിരുന്ന ന്യൂയോർക്ക്, ന്യൂ ജഴ്സി എന്നിവിടങ്ങളിൽ പുതിയ കേസുകൾ കുറയുന്നുണ്ട്. എന്നാൽ, അരിസോണ, കാലിഫോർണിയ, മിസിസിപ്പി, നെവാഡ, ടെക്സസ്, ഒക് ലഹാമ തുടങ്ങിയ സ്ഥലങ്ങളിൽ ഈയാഴ്ച ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ പുതിയ റെക്കോഡുകളുണ്ടായി. നോർത്ത് കരോളിനയിലും സൗത്ത് കരോളിനയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പുതിയ റെക്കോഡിട്ടു.
കൊവിഡ് തിരിച്ചുവന്ന് അമെരിക്കയെ വീണ്ടും കടിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ 1.20 ലക്ഷത്തിലേറെ പേർ അമെരിക്കയിൽ കൊവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു. 23 ലക്ഷത്തിലേറെ പേർ രോഗബാധിതരായി. ലോകത്ത് ഏറ്റവുമധികം ജനങ്ങളെ കൊവിഡ് ബാധിച്ചത് യുഎസിലാണ്.