കേരളത്തിൽ ഇന്ന് 152 പേർക്ക് കൊവിഡ്; 81 പേർ രോഗമുക്തർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടി. 98 പേർ വിദേശത്തു നിന്ന് വന്നവരാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എട്ടു പേർക്ക് സമ്പർക്കം മൂലവും രോഗം വന്നു. പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര് 17, പാലക്കാട് 16, തൃശ്ശൂർ 15 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. നെഗറ്റീവായവർ: കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം തൃശ്ശൂർ 4, പാലക്കാട് 1, മലപ്പുറം 7.
4941 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു. 3603 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകൾ ശേഖരിച്ചു.
39113 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി. വിദേശത്ത് നിന്ന് വരുന്നവർക്ക് സ്ക്രീനിങ് വേണമെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ ചിലർ തെറ്റിദ്ധാരണ പരത്തി. പ്രവാസികളെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ രോഷമുണ്ടാക്കാൻ ശ്രമിച്ചു. താത്പര്യമുള്ള പ്രവാസികളെയെല്ലാം കേരളത്തിലേക്ക് എത്തിക്കും, അതിന് വേണ്ട സൗകര്യമൊരുക്കുമെന്ന് സർക്കാർ പറഞ്ഞതാണ്.
അതിൽ നിന്ന് പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങൾക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകി. 14058 പേർ ഇന്ന് ഈ വിമാനങ്ങളിൽ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗൾഫിൽ നിന്ന് വരുന്നവയാണ്.