60 ശതമാനം പുതിയ രോഗികളും മൂന്നു സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന സംസ്ഥാനങ്ങളായി മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും തുടരുകയാണ്. രാജ്യത്ത് അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചവരിൽ 60 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണ്.
ഒരു ദിവസം പരിശോധനകളിലൂടെ കണ്ടെത്തുന്ന പുതിയ രോഗബാധിതർ 16,000ന് അടുത്തെത്തിയപ്പോൾ അതിൽ പതിനായിരത്തടുത്തു രോഗികളും ഈ മൂന്നു സംസ്ഥാനങ്ങളിൽ. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 59 ശതമാനവും ഈ മൂന്നു സംസ്ഥാനങ്ങളിൽ തന്നെ. രോഗബാധ പുതുതായി സ്ഥിരീകരിക്കുന്നവരിൽ ഈ സംസ്ഥാനങ്ങളുടെ പങ്ക് കൂടിവരികയാണെന്നാണ് അവസാനത്തെ കണക്കുകളും കാണിക്കുന്നത്.
അവസാന 24 മണിക്കൂറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ രേഖപ്പെടുത്തിയ 465 കൊവിഡ് മരണത്തിൽ 355ഉം ഈ മൂന്നു സംസ്ഥാനങ്ങളിലാണ്. അതായത് 76 ശതമാനം. ഇതിൽ മഹാരാഷ്ട്രയിലെ കഴിഞ്ഞദിവസങ്ങളിൽ ചേർക്കാതെ പോയ 173 മരണങ്ങളുമുണ്ട്. ഡൽഹിയെയും മഹാരാഷ്ട്രയെയും അപേക്ഷിച്ച് മരണനിരക്കിൽ തമിഴ്നാട് വളരെ ഭേദമാണെങ്കിലും അവിടെയും മരണസംഖ്യ കൂടിവരുന്നു എന്നതാണു കണക്കുകൾ കാണിക്കുന്നത്. ഇന്നലെ 39 പേരുടെ മരണമാണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയത്.
രാജ്യത്ത് ഇതുവരെയുണ്ടായ കൊവിഡ് മരണങ്ങളിൽ പ്രധാന പങ്ക് മഹാരാഷ്ട്രയ്ക്കു തന്നെയാണ്. മൊത്തം 14,476 മരണത്തിൽ 6,531ഉം ഈ സംസ്ഥാനത്ത്; 45 ശതമാനം. ഡൽഹി കൂടി കൂട്ടിയാൽ അത് 8,822 മരണമാവും. രണ്ടു സംസ്ഥാനങ്ങളിലായി മൊത്തം മരണത്തിന്റെ ഏതാണ്ട് 61 ശതമാനം. ഇതുവരെ 1,710 പേരാണ് ഗുജറാത്തിൽ മരിച്ചത്. ഈ മൂന്നു സംസ്ഥാനങ്ങളിലായാണ് കൊവിഡ് മരണത്തിൽ ഏതാണ്ട് 73 ശതമാനവും.
എന്നാൽ, ഗുജറാത്തിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കപ്പെടുന്നുണ്ട്. രോഗമുക്തരാവുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. അഞ്ഞൂറിലേറെ പേർക്കാണ് അവസാന 24 മണിക്കൂറിൽ ഗുജറാത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 235 കേസുകളും അഹമ്മദാബാദിലാണ്. തമിഴ്നാട്ടിൽ ചെന്നൈ നഗരത്തിലെ രോഗവ്യാപനം തടയാൻ കർശന ലോക് ഡൗണുമായി സംസ്ഥാന സർക്കാർ രംഗത്തുണ്ടെങ്കിലും ദിവസം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതു തുടരുകയാണ്.
അതേസമയം, മുംബൈ നഗരത്തിൽ പരമാവധി കേസുകൾ ദിവസം റിപ്പോർട്ടു ചെയ്യുന്ന സ്ഥിതിയിൽ നിന്നു കാര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. അവസാന 24 മണിക്കൂറിൽ 1000ൽ താഴെയായി മുംബൈയിൽ സ്ഥിരീകരിക്കുന്ന കേസുകൾ. സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ 824. നാൽപ്പതു ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ ഒരു ദിവസത്തെ കണക്കാണിത്. മേയ് അവസാനത്തോടെ മുംബൈ നഗരത്തിലെ പീക്ക് പിരിയഡ് കഴിഞ്ഞു എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
മേയ് ആദ്യ ആഴ്ചകളിൽ 13 ദിവസം കൊണ്ട് മുംബൈയിൽ രോഗം ഇരട്ടിച്ചിരുന്നു. ഇപ്പോൾ ഇരട്ടിക്കാനുള്ള സമയം 37 ദിവസമായി മാറിയിട്ടുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. മുംബൈയിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാകുന്നു എന്ന് ആശ്വസിച്ചാലും മഹാരാഷ്ട്രയിൽ ദിവസം 3000ൽ ഏറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ തുടരുകയാണ്.