സിനിമ ഇഷ്ടപ്പെടാത്ത പക്ഷം അത് തുറന്നുപറയാന്‍ ഒരു സാധാരണ കാണിക്ക് അവകാശമില്ലേ?; ‘പുലിമുരുക’ന്റെ റിവ്യൂ എഴുതിയ വീട്ടമ്മയുടെ വിശദീകരണം
മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുക’നെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ നിരൂപണമെഴുതിയതിന് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ആളാണ് ആകാശവാണിയിലെ കാഷ്വല്‍ അനൗണ്സര് നിഷ മേനോന് ചെമ്പകശ്ശേരി. ചിത്രം ഇഷ്ടപ്പെടാത്തതിനാല്‍ പരിഹാസം കലര്‍ത്തിയായിരുന്നു എഴുത്ത്. തുടര്‍ന്ന് ആ പോസ്റ്റിന് താഴെ ‘ആരാധകരു’ടെ പൊങ്കാല ആരംഭിച്ചു. ഒപ്പം പ്രൈവറ്റ് മെസേജുകളും. വീടിന് പുറത്തിറങ്ങിയാല്‍ തട്ട് കിട്ടുമെന്ന് ഭീഷണി. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അപമാനിക്കല്‍. ഒരു ആസ്വാദക കുറിപ്പെഴുതിയതിന് പിന്നാലെയുണ്ടായ അനുഭവത്തെക്കുറിച്ച് നിഷ വിശദീകരിച്ചു.
നിഷയുടെ കുറിപ്പ് വായിക്കാം:
താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ്…
ഞാന്‍ ഏതാണ്ട് നാല്പത് കൊല്ലത്തോളമായി ചലച്ചിത്ര പ്രേക്ഷക ആയിട്ട്…എന്റെ കുടുംബത്തോടൊപ്പം ഭാഷാഭേദമന്യേ ഏതാണ്ട് എല്ലാ ചിത്രങ്ങളും കണ്ടു ശീലിച്ചു വരുന്നു… വെറുതെ ചലച്ചിത്രങ്ങള്‍ കണ്ടു വിടുകയല്ല, മറിച്ച് നിരീക്ഷണബുദ്ധ്യാ അവ കണ്ടു ആസ്വദിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്. അങ്ങനെ ഒരു ശീലം വളര്‍ത്തിയെടുത്തതുകൊണ്ട് എനിക്ക് ഭാവിയില്‍ നല്ല പ്രയോജനം ഉണ്ടായി…
ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമരംഗത്ത് പ്രവേശിച്ചപ്പോള്‍ ചലച്ചിത്രങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയെകുറിച്ച് അക്കാലമത്രയും നേടിയെടുത്ത ഈ നിരീക്ഷണ നിരൂപണ പരിജ്ഞാനം തന്നെയായിരുന്നു എന്റെ മുഖ്യ കൈമുതല്‍. പിന്നെ, അല്പസ്വല്പം എഴുതാനുള്ള കഴിവും (അതും എന്റെ അമ്മ വായനയിലൂടെ ഉണ്ടാക്കി തന്നത്)…മാധ്യമരംഗത്ത് വളരെ നല്ല അനുഭവങ്ങള്‍ എനിക്ക് നേടാനായി…കുറെ പ്രശസ്തരെ പരിചയപ്പെടാനായി. സര്‍വ്വശ്രീ എം ടി വാസുദേവന്‍നായര്‍, മോഹന്‍ലാല്‍, ലാല്‍ ജോസ്, കെ പി എ സി ലളിത, മോഹന്‍ സിതാര എന്നിങ്ങനെ പലരേയും അഭിമുഖം നടത്താന്‍ സാധിച്ചു.
താരങ്ങളെയല്ല, മറിച്ച്, ചലച്ചിത്രങ്ങളിലെ ക്രിയാത്മകതലങ്ങളെയാണ് ഞാന്‍ ആരാധനയോടെ നോക്കി കണ്ടത്. അക്കൂട്ടത്തിലാണ്, ശ്രീ മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ കണ്ണുകളില്‍ മിന്നി മറയുന്ന ഭാവതലങ്ങള്‍, ശ്രീ മമ്മൂട്ടി എന്ന അഭിനേതാവിന്റെ കഠിനാധ്വാനം, ശ്രീ തിലകന്റെ പകരം വെക്കാനാവാത്ത അഭിനയമികവ് തുടങ്ങിയവയെല്ലാം നോക്കിക്കാണുന്നത്. ഒരു നല്ല ചിത്രം കണ്ടാല്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്. ആ ചിത്രം മനസ്സില്‍ വളരെ തിളക്കത്തോടെ നിറഞ്ഞു നില്ക്കു കയും ചെയ്യും എന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം. അങ്ങനെ നിലനില്‍ക്കുന്ന ചിത്രങ്ങള്‍ ഒരുപാടുണ്ട് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, താഴ് വാരം, സത്യന് അന്തിക്കാട് ചിത്രങ്ങള്‍, പ്രിയദര്‍ശന്റെ തൊണ്ണൂറുകളിലെ ഹാസ്യചിത്രങ്ങള്‍, ലൗഡ് സ്പീക്കര്‍, പ്രാഞ്ചിയേട്ടന്, ദൃശ്യം എന്നിങ്ങനെ…
സിനിമ കണ്ടു വന്നു കഴിഞ്ഞാല്‍ വീട്ടുകാരും, സുഹൃത്തുകളുമായും പങ്കു വെയ്ക്കുന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ നിലവില്‍ വന്നപ്പോള്‍ അതിലൂടെയായി എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ. എന്നിലെ ചലച്ചിത്രപ്രേക്ഷക ഇന്നും അതേ തിളക്കത്തോടെ ഉണര്‍ന്നിരിക്കുന്നു, നല്ല ചിത്രങ്ങള്‍ കാണാന്‍, ശേഷമുള്ള സന്തോഷം മനസ്സില്‍ നിക്ഷേപിക്കാന്‍…(ഈയടുത്ത് ‘മഹേഷിന്റെ പ്രതികാരം’ കണ്ടപ്പോള്‍ ആ സന്തോഷം മനസ്സ് നിറച്ചു)
എന്നെ അറിയുന്നവര്‍ക്ക് അറിയാം, ഞാന്‍ കുറച്ച് ഹാസ്യാത്മകമായിട്ടാണ് ഏതൊരു സംഗതിയേയും ഫെയ്സ്ബുക്കിലൂടെ നിരൂപണം നടത്തുന്നത് എന്ന കാര്യം…’പുലിമുരുകന്’ എന്ന ചിത്രം വളരെ അവിചാരിതമായിട്ടാണ് കണ്ടത്…കാരണം, റിലീസിന്റെ രണ്ടാം ദിവസമായ അന്ന് ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു…അതേ തീയറ്റര്‍ കോംപ്ലക്സില്‍ ഉള്ള ‘ഒപ്പം’ എന്ന ചിത്രം കാണാനായിരുന്നു ഉദ്ദേശവും..എന്നാല്‍, ചെന്ന് കയറിയപ്പോള്‍ ലേഡീസ് ക്യൂവില്‍ രണ്ടു പേര് മാത്രം…അതില്‍ ചെന്ന് നിന്നു, ടിക്കറ്റ് കിട്ടുകയും ചെയ്തു.
ഒരു പക്കാ കച്ചവടസിനിമ ആണെന്ന് നന്നായി അറിയാം…നല്ല പ്രകൃതി ദൃശ്യങ്ങള്‍ ഉണ്ടെന്നും…അങ്ങനെ സിനിമ കണ്ടു തുടങ്ങിയപ്പോള്‍ വളരെ നല്ല അഭിപ്രായം തോന്നുകയും ചെയ്തു… ചിത്രം വഴി മാറി സഞ്ചരിച്ചു തുടങ്ങിയത് അതിന്റെ മൊത്തം പ്രതീക്ഷകളെ തന്നെ തെറ്റിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് നിരാശ തോന്നിയത്.. സംവിധാനം, തിരക്കഥ ഇത് രണ്ടും പാളിപ്പോയി എന്നുള്ളത് ഞാന്‍ അടിവരയിട്ടുകൊണ്ടുതന്നെ പറയുന്നു…അത് തുറന്നു പറയാനുള്ള ഒരു മൗലികാവകാശം ഇവിടെ ആര്‍ക്കും ഉണ്ടല്ലോ…
ഞാന്‍ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചല്ല പോസ്റ്റ് ഇട്ടത്, ആ ചിത്രത്തിന്റെ ചിത്രീകരണ രീതിയെയാണ് ലക്ഷ്യം വെച്ചത്…അതിനു ഇത്രയും കോടി രൂപ ചിലവഴിച്ചു, കുറെപേര് ചേര്‍ന്ന് അധ്വാനിച്ചു, ആ അധ്വാനത്തെ വിലമതിക്കണം എന്നൊക്കെ പറയുന്നത് വളരെ ബാലിശമായേ തോന്നുന്നുള്ളൂ… കാരണം, ഒരു വിഭവത്തിന്റെ രുചിയാണല്ലോ അത് ആസ്വദിച്ചു കഴിക്കാന്‍ തയ്യാറായി വരുന്നയാള്‍ക്ക് പ്രധാനം, അല്ലാതെ അത് ഉണ്ടാക്കിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ പലര്‍ക്കും ഇഷ്ടമായ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ! കുറ്റമല്ലല്ലോ… വ്യക്തിപരമായി എനിക്ക് ഈ താരവീരത്വം മുഴച്ചു കാണിക്കുന്ന ചിത്രങ്ങളോട് ഇങ്ങനെയേ പ്രതികരിക്കാനാവൂ… (അതുകൊണ്ടുതന്നെയാണ് ആറാം തമ്പുരാന്, നരസിംഹം, ദി കിംഗ്, വല്യേട്ടന് മുതലായ ചിത്രങ്ങള്‍ വീണ്ടുമൊരിക്കല്‍ക്കൂടി കാണാന്‍ തോന്നാത്തതും)… എനിക്ക് മാത്രമല്ല ‘പുലിമുരുക’നെക്കുറിച്ച് ഈ അഭിപ്രായം തോന്നിയത് എന്നത് പ്രസ്തുത പോസ്റ്റിനെ കുറിച്ച് നല്ലത് പറഞ്ഞവരുടെ എണ്ണം തെളിയിക്കുന്നുണ്ട്…
മറ്റൊന്ന് തുറന്നു പറയട്ടെ, ആരാധകരെ… എന്റെ ഫെയ്സ്ബുക്ക് ഇന്‍ബോക്സില്‍ വന്ന മെസെജുകളുടെ സംസ്ക്കാര രാഹിത്യം നിങ്ങളുടെ നിലവാരമില്ലായ്മയുടെ അളവുകോലായി കാണാന്‍ മാത്രമേ എനിക്ക് കഴിയുള്ളൂ… പിന്നെ, അവരെ മോശമായി പെരുമാറാന്‍ പഠിപ്പിച്ചതാരോ, അവരെയും ഞാന്‍ ഓര്‍ത്തു പോവുന്നുണ്ട്…. ആരോടും, അവര്‍ ആണായാലും, പെണ്ണായാലും, ആദരവോടെ പെരുമാറാന്‍ പഠിപ്പിക്കേണ്ടത് വീട്ടുകാരും, ഗുരുക്കന്മാരുമാണല്ലോ… അപ്പോള്‍, പ്രസ്തുത വ്യക്തികളുടെ ഈ തരംതാഴലിന്റെ ഉത്തരവാദിത്തം മേല്പറഞ്ഞവര്ക്ക് തന്നെയല്ലേ? എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്നു തരം താണ കമന്റുകള്‍ ഇടുന്നവര്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നവരുടെ മനസ്സില്‍ നിങ്ങളെകുറിച്ച് രൂപപ്പെടുന്ന വിലയിരുത്തലും, കൂടാതെ, ഇതുപോലുള്ള അന്ധാരാധകരുള്ള ആ മഹാനായ താരത്തെക്കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും എന്നുള്ളതും…
പിന്നെ, മോഹന്‍ലാല്‍ ചിത്രത്തെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ മമ്മൂട്ടി ഫാന്‍ ആണെന്നും, അവര്‍ കാശ് തന്നിട്ടാണ് ഞാന്‍ ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ….താരയുദ്ധത്തില്‍ (താരങ്ങള്‍ തമ്മിലെന്തു യുദ്ധം? ആരാധകര്‍ ഉണ്ടാക്കുന്ന യുദ്ധമല്ലേ?!) എനിക്ക് ഭാഗമാകാന്‍ താല്പര്യമില്ല…
മമ്മൂട്ടിയുടെ ‘കസബ’ ചിത്രത്തിനു മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്നത് എന്റെ സുഹൃത്ത് ജ്യോതി ചേച്ചിയാണ്, അല്ലാതെ ഞാനല്ല…’നമിച്ചണ്ണോ, നമിച്ചു’ എന്ന ക്യാപ്ഷന്‍ പരിഹാസരൂപേണ കൊടുത്തതാണെന്ന് തിരിച്ചറിയാന്‍ പോലുമുള്ള വിവേകം അന്ധരായ ആരാധകര്‍ക്ക് ഇല്ലാതെ പോയി….കഷ്ടം!
ദേശീയതലത്തില്‍ വരെ ഖ്യാതി നേടിയ, മികവുള്ള താരങ്ങളെകൊണ്ട് സമ്പന്നമായ നമ്മുടെ മലയാള ചലച്ചിത്രലോകം താരാരാധന മൂലം എത്ര താഴേയ്ക്ക് പോകുന്നു എന്നത് ആരാധകരുടെ (ആസ്വാദകര്‍/പ്രേക്ഷകര്‍ എന്നൊന്നും ഞാന്‍ വിവക്ഷിക്കില്ല… കാരണം, യഥാര്‍ത്ഥ ചലച്ചിത്ര ആസ്വാദനം ഇതല്ല എന്നതുതന്നെ) വളരെ വില കുറഞ്ഞ കാഴ്ചപ്പാടുകള്‍ മൂലം എവിടെയെത്തി എന്നുള്ളത് ആലോചിക്കേണ്ടുന്ന വിഷയമാണ്…. നാം അയല്പയക്കത്തെ തമിഴന്റെ അന്ധമായ താരാരാധനയെ നോക്കി കളിയാക്കിയിരുന്നു, ഒരു കാലത്ത്…ഇന്ന് വിദ്യാസമ്പന്നരെന്നു അഭിമാനിക്കുന്ന മലയാളികള്‍ ചെയ്യുന്നത് എന്താണ് എന്നുള്ളതും ചിന്ത്യം! താരത്തിന്റെ ഫ്ളെക്സിനു പാലഭിഷേകം, ആര്‍പ്പുവിളികള്‍, മാലയിടല്‍ എന്നുവേണ്ട, തികച്ചും പരിഹാസ്യമായ ആരാധനാശ്രമങ്ങള്‍… ഇതൊന്നും കൂടാതെ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ അജയ്യരായ അഭിനേതാക്കള്‍ അവരുടെ മികവുകൊണ്ട് എത്രയോ മനസ്സുകളില്‍ ഇന്നും മെഗാ ഹിറ്റ് ആണെന്നത് ഓര്‍ക്കുക…
എന്റെ കുടുംബത്തെ വരെ വളരെ മോശമായി വിമര്‍ശിച്ചതുമൂലം എനിക്ക് എന്റെ പോസ്റ്റിന്റെ സെറ്റിംഗ്സ് മാറ്റേണ്ടി വന്നു (എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ പാകത്തില്‍)… അല്ലാതെ ഞാന്‍ പോസ്റ്റ് നീക്കം ചെയ്തിട്ടില്ല… അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല…. ഇപ്പോള്‍, ഞാന്‍ വീണ്ടും ആ പോസ്റ്റിന്റെ സെറ്റിംഗ്സ് പബ്ലിക്ക് ആക്കി മാറ്റിയിട്ടുണ്ട്… കാരണം, തല ഉയര്‍ത്തിപ്പിടിച്ചു ജീവിച്ച ഒരു അച്ഛന്റെ മകള്‍ ആണ് ഞാന്‍…അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയതിന് തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട പ്രശസ്ത പത്രപ്രവര്ത്തകന്/മനുഷ്യാവകാശപ്രവര്‍ത്തകന്‍ മുകുന്ദന് സി മേനോന്റെ മരുമകളും… അവരുടെ ജീവിതത്തില്‍നിന്നും നേടിയെടുത്ത പ്രചോദനം എന്നും എനിക്ക് മൂല്യവത്താണ്… മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് പലപ്പോഴും മനസ്സിന് ശക്തി നല്കിയതും അതുതന്നെ…
എന്റെ പോസ്റ്റ് പല പത്രങ്ങളുടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇടം പിടിച്ചു…. മുന്നൂറിലധികം ഷെയറുകള്‍ നേടി… ആയിരക്കണക്കിന് ആളുകള്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മെസേജുകള്‍ അയച്ചു കൊണ്ടിരിക്കുന്നു… ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുന്നു… അതിലും വലുതാണ്, ഞാന്‍ ഇന്ന് എന്താണോ, അതിനെല്ലാം പിന്തുണ നല്കുന്ന എന്റെ അമ്മ എന്നോട് ഇന്ന് രാവിലെ പറഞ്ഞ വാക്കുകള്‍ ‘മോള് ഇതിനെല്ലാം തക്കതായ ഒരു മറുപടി എഴുതണം’ എന്നത്…’വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ല, ഇനിയും എഴുതൂ’ എന്ന് പറയുന്ന എന്റെ മാധ്യമഗുരുക്കന്മാര്, എന്റെ ഭര്‍ത്താവ്…പിന്നെ, ‘ആരെല്ലാം എന്തൊക്കെ പറഞ്ഞാലും സധൈര്യം മുന്നോട്ടു പോവുക’ എന്ന് പറയുന്ന എന്റെ സുഹൃത്തുക്കള്‍…
അതിനാല്‍, ഞാന്‍ ഇനിയും സിനിമ കാണുക തന്നെ ചെയ്യും, അവയെക്കുറിച്ച് എനിക്ക് മനസ്സില്‍ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങള്‍ എന്റേതായ ശൈലിയില്‍ എഴുതുകയും ചെയ്യും….അത് എന്റെ ഫെയ്സ്ബുക്ക് വോളില്‍ പബ്ലിക് സെറ്റിംഗ്സോടെ വരിക തന്നെ ചെയ്യും…ഉറപ്പ്!
ഓണ്‍ലൈന്‍ മാധ്യമത്തോട് നിഷ പറഞ്ഞത്…
ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സറാണ് ഞാന്‍. മുന്‍പും കാണുന്ന സിനിമകളെക്കുറിച്ച് കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ ഇത്തരമൊരനുഭവം ആദ്യമായാണ്. പുലിമുരുകനെക്കുറിച്ച് തമാശമട്ടില്‍ ഒരു കുറിപ്പെഴുതിയതിന് വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. എതിര്‍പ്പുയര്‍ത്തി എത്തിയവര്‍ എന്റെ കുടുംബത്തെവരെ ഇതിലേക്ക് വലിച്ചിഴച്ചു. കുടുംബചിത്രങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് ചോദിക്കാനും പറയാനും വീട്ടില്‍ ആരുമില്ലേ എന്ന ചോദ്യമൊക്കെ ആയിരുന്നു. എനിക്ക് വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യമുള്ള സ്വന്തം ഫെയ്സ്ബുക്ക് വോളിലാണ് അത് എഴുതിയത്. അതിനെച്ചൊല്ലി ഇത്രവലിയ പുകിലുണ്ടാക്കേണ്ട കാര്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ പോസ്റ്റിന് താഴെവന്ന് കമന്റ് ചെയ്യുന്നത് കൂടാതെ പ്രൈവറ്റ് മെസേജുകളായും ധാരാളം സന്ദേശങ്ങള്‍ വന്നിരുന്നു. അത്രയേറെ മോശം ഭാഷയില്‍ അവഹേളനപരമായ സന്ദേശങ്ങള്‍. ആ പ്രതികരണങ്ങളെല്ലാം ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണെന്നാണ് വിശ്വാസം. ഞാന്‍ മമ്മൂട്ടിയുടെ ആളാണ് എന്ന മട്ടിലൊക്കെയുള്ള ചില കമന്റുകള്‍ കണ്ടു, പൈസ മേടിച്ചിട്ട് എഴുതിയതാണ് എന്നൊക്കെ. പുറത്തേക്കിറങ്ങിയാല്‍ അപായപ്പെടുത്തും എന്നുവരെ ഭീഷണികളുണ്ടായി.
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള ചലച്ചിത്ര ആസ്വാദന സംസ്കാരമുണ്ടല്ലോ. തീയേറ്ററില്‍ ഒരു മെഗാ താരത്തിന്റെ സിനിമ ആദ്യദിവസങ്ങളില്‍ കാണാന്‍ പോയാലറിയാം ആരാധനയുടെ അളവ്. താരാരാധനയുടെ പേരില്‍ മുന്‍പ് തമിഴ്നാട്ടുകാരെ കളിയാക്കിയിരുന്നവരാണ് നമ്മള്. കട്ടൗട്ടില്‍ പാലഭിഷേകമൊക്കെ മുന്‍പ് അവിടെയാണ് ഉണ്ടായിരുന്നത്. അവര്‍ക്കെന്താ വട്ടുണ്ടോ എന്നാണ് അന്ന് നമ്മള് ചോദിച്ചിരുന്നത്. ഇപ്പോള്‍ ഇവിടെയുമുണ്ട് അതൊക്കെ. ഈ പോക്ക് തുടരുകയാണെങ്കില്‍ താരങ്ങള്ക്കെന്തെങ്കിലും സംഭവിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നവരുമുണ്ടാകും ഈ നാട്ടില്‍. തമിഴില്‍ ഒന്നാന്തരം സിനിമകള്‍ ഉണ്ടാവുന്നുണ്ട് ഇപ്പോള്‍. പക്ഷേ നമ്മള് ഇപ്പോഴും മെഗാതാരങ്ങളെയും മുറുകെപ്പിടിച്ച് ഇരിക്കുകയാണ്.
പക്ഷേ എതിര്ത്തവരെപ്പോലെതന്നെ ആ പോസ്റ്റില്‍ എന്നെ പിന്തുണച്ചവരും ഏറെയുണ്ട്. അതിന്റെയര്‍ഥം അന്ധമായ ഈ താരാരാധന മോശമാണെന്ന് തോന്നുന്ന മറ്റുള്ളവരും ഉണ്ടെന്നാണ്. താരാരാധന ഇപ്പോഴത്തെ സ്വരൂപം നേടുന്നത് കഴിഞ്ഞ മൂന്നോ നാലോ വര്ഷങ്ങള്ക്കുള്ളിലാണെന്ന് തോന്നുന്നു. ഒരു സൂപ്പര്‍താരചിത്രത്തെ വിമര്‍ശിച്ചത് ഒരു സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടായതെന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടു. പക്ഷേ ഇക്കാര്യത്തില്‍ ആണ്‍പെണ്‍ ഭേദമുണ്ടെന്ന് തോന്നുന്നില്ല. എന്റെ സ്ഥാനത്ത് ഒരു ആണാണ് ഇത്തരമൊരു പോസ്റ്റ് ഇടുന്നതെങ്കിലും എതിരേ ഇത്തരത്തിലുള്ള പ്രതികരണമുണ്ടാകും. ഒരു പുരുഷസുഹൃത്ത് ഒരിക്കല്‍ അയാളുടെ അനുഭവം പറഞ്ഞിട്ടുണ്ട്. ഒരു സൂപ്പര്‍താര സിനിമയെക്കുറിച്ച് അഭിപ്രായമെഴുതിയതിന് അദ്ദേഹത്തെ വിളിച്ച് പ്രായപൂര്‍ത്തിയാവാത്ത മകളെ റേപ്പ് ചെയ്യുമെന്ന് പറഞ്ഞ ആരാധകരെക്കുറിച്ച്. ആരാധകര്‍ക്ക് ഇഷ്ടതാരത്തിന്റെ ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടാല്‍ പുകഴ്ത്താം എന്നതുപോലെ ഇഷ്ടപ്പെടാത്തപക്ഷം അത് തുറന്നുപറയാന്‍ ഒരു സാധാരണകാണിക്കും അവകാശമില്ലേ?