വന്യമൃഗങ്ങൾക്ക് കാടുകളിൽ ഭക്ഷണം സജ്ജമാക്കണം: ഇൻഫാം
വന്യമൃഗങ്ങൾക്ക് കാടുകളിൽ ഭക്ഷണം സജ്ജമാക്കണം: ഇൻഫാം
വാഴക്കുളം: വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെയും കാർഷിക വിളവും രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇൻഫാം.കാർഷിക വിളകൾ രക്ഷിക്കുന്നതിനിടയിൽ വന്യമൃഗങ്ങൾ കൊല്ലപ്പെട്ടാൽ കർഷകരുടെ പേരിൽ കേസ് നടപടികൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ, പ്രസിഡൻറ് ജോസ് എടപ്പാട്ട് എന്നിവർ അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയിലെ ഉത്പന്നങ്ങളുടെ വിലയിടിവും ഉത്പാദന ചെലവിലെ ഗണ്യമായ വർദ്ധനവും മൂലം ദുരിതത്തിലായിരുന്ന കർഷകർ കൊറോണ രോഗവ്യാപനത്തിൻ്റെ പേരിൽ വീണ്ടും കൊടും ദുരന്തങ്ങൾ നേരിടുകയാണ്.ഇതിനിടയിലാണ് വനഭൂമിയോട് അടുപ്പമുള്ള മിക്ക പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. കർഷകൻ്റെ പ്രതീക്ഷയും ആശ്രയവുമായ കൃഷിയിടങ്ങളിലെ വിളവെടുപ്പിനു തൊട്ടുമുമ്പു പോലും അവ നശിപ്പിക്കപ്പെടുന്നത് കർഷകർക്കു താങ്ങാനാവില്ല.എല്ലാ തരത്തിലുമുള്ള അധ്വാനത്തിനുമൊടുവിൽ സർവ പ്രതീക്ഷകളും നശിക്കുന്ന കർഷകർ വന്യമൃഗങ്ങൾക്കെതിരേ തിരിയുന്നത് സ്വാഭാവികമാണെന്നും ഇൻഫാം വക്താക്കൾ പറഞ്ഞു. ആന, കാട്ടുപന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ച കർഷകരുമുണ്ട്.
ഗതികേടിലായ കർഷകരുടെ പ്രത്യാക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന മൃഗങ്ങളുടെ പേരിൽ കർഷകർ വേട്ടയാടപ്പെടുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കുന്നതിനുള്ള പോംവഴി അവ കൃഷിസ്ഥലത്ത് എത്താതിരിക്കുക എന്നതു മാത്രമാണ്. ഭക്ഷണം തേടിയാണ് അവ കർഷക കേന്ദ്രങ്ങളിലെത്തുന്നത് എന്നതിനാൽ അവയ്ക്കുള്ള ഭക്ഷണം കാടുകളിൽ തന്നെ തയാറാക്കണമെന്ന നിർദേശമാണ് ഇൻഫാം മുന്നോട്ടു വയ്ക്കുന്നത്. കാടിൻ്റെ അതിർത്തികളിൽ നിന്ന് ഉള്ളിലേക്കായി അവയുടെ ഇഷ്ട ഭക്ഷണമായ വാഴ, ഈറ്റ, കിഴങ്ങുവർഗങ്ങൾ, പ്ലാവ്, മാവ് തുടങ്ങിയവ യഥേഷ്ടം നട്ടുവളർത്താൻ അടിയന്തര നടപടി സ്വീകരിച്ച് കർഷകരെയും വിളഭൂമിയും സംരക്ഷിക്കണം.