മൂന്നു ലക്ഷം കടന്ന് ഇന്ത്യ; പുതിയ രോഗികൾ 11,458
ന്യൂഡൽഹി: രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ മൂന്നുലക്ഷം പിന്നിട്ടു. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 11,458 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണിത്. 386 പേർ കൂടി മരിച്ചതോടെ മൊത്തം കൊവിഡ് മരണം 8,884 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ ഒരുലക്ഷം കടന്നിട്ടുമുണ്ട്. ജൂൺ രണ്ടിന് രണ്ടുലക്ഷം കടന്ന ഇന്ത്യ പിന്നീടു 10 ദിവസം കൊണ്ടാണ് മൂന്നു ലക്ഷം രോഗബാധിതരിലെത്തിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 3,08,993 പേരാണ്. ഇതിൽ 1,45,779 പേർ ചികിത്സയിൽ. 1,54,000ൽ ഏറെ പേർ രോഗമുക്തി നേടി. റിക്കവറി നിരക്ക് 49.9 ശതമാനമായി ഉയർന്നിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ ഡൽഹിയിലാണു കൂടുതൽ മരണം- 129. മഹാരാഷ്ട്രയിൽ 127 പേർ മരിച്ചു. ഗുജറാത്തിൽ മുപ്പതും യുപിയിൽ ഇരുപതും തമിഴ്നാട്ടിൽ പതിനെട്ടും പേർ വീതമാണു മരിച്ചത്. പശ്ചിമ ബംഗാളിലും തെലങ്കാനയിലും മധ്യപ്രദേശിലും ഒമ്പതു വീതം പേർ മരിച്ചു.
മഹാരാഷ്ട്രയിൽ 1,01,141 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 47,793 പേർ രോഗമുക്തരായി. 3,717 പേർ മരിച്ചു. 3,493 പേർക്കാണ് അവസാന 24 മണിക്കൂറിൽ സംസ്ഥാനത്തു പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകളിൽ 1,366 കേസുകളും മുംബൈയിലാണ്.
മുംബൈയിലെ മൊത്തം വൈറസ്ബാധിതർ 55,451 ആയിട്ടുണ്ട്. 90 പേർ കൂടി മരിച്ചതോടെ മുംബൈ നഗരത്തിലെ ഇതുവരെയുള്ള മരണസംഖ്യ 2,044 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽരോഗബാധിതർ രണ്ടായിരം പിന്നിട്ടു. 77 പേരാണ് ഇവിടെ മരിച്ചിട്ടുള്ളത്.
രോഗികളുടെ എണ്ണം അനുദിനം വർധിക്കുമ്പോഴും ലോക് ഡൗൺ ഇളവുകൾ പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ കർശനമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉപദേശിക്കുന്നത്.