രോഗികൾ കൂടുമ്പോൾ പരിശോധന കുറയുന്നു!
ന്യൂഡൽഹി: കൊവിഡിന്റെ സമൂഹവ്യാപന സാധ്യത കൂടുതൽ പ്രകടമാക്കി ഡൽഹി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാത്രം ശരാശരിയെടുത്താൽ രാജ്യത്ത് കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഡൽഹിയാണ്. പക്ഷേ, അതിനൊത്തു പരിശോധനകൾ കൂട്ടുന്നുമില്ല. ഡൽഹി മാത്രമല്ല, പല സംസ്ഥാനങ്ങളും രോഗബാധിതർ കൂടുന്നതിനനുസരിച്ച് പരിശോധനകൾ വർധിപ്പിക്കുന്നില്ല എന്നാണു കണക്കുകൾ കാണിക്കുന്നത്. അത് അപകടകരമായ സാഹചര്യമെന്ന് ആരോഗ്യ വിദഗ്ധർ.
27.7 ശതമാനമാണ് ഡൽഹിയിലെ ഈ ദിവസങ്ങളിലെ ശരാശരി പോസിറ്റിവിറ്റി നിരക്ക്. 100 പേരിൽ പരിശോധന നടത്തുമ്പോൾ 27.7 പേർക്ക് എന്ന വിധത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നു. അത്രയും സാധ്യതയുള്ളവരിൽ മാത്രമാണു പരിശോധന എന്നത് ഇതിനു കാരണമാവാം. വ്യാപകമായ സാംപിൾ പരിശോധനയ്ക്ക് ഐസിഎംആർ നിർദേശിക്കുന്നുണ്ടെങ്കിലും അതു യാഥാർഥ്യമാവുന്നില്ല.
ഈ മാസം തുടക്കത്തിൽ 18.3 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്കാണ് ക്രമേണ കുതിച്ചുയർന്നിരിക്കുന്നത്. ഈ മാസം തുടക്കത്തിൽ ദിവസം ആറായിരത്തിലേറെ പരിശോധനകൾ നടത്തിയിരുന്ന ഡൽഹി അത് ശരാശരി അയ്യായിരത്തിലേക്കു കുറച്ചുകൊണ്ടുവന്നു എന്നു പരാതിയുണ്ട്. പോസിറ്റീവാകുന്നവരുടെ നിരക്കു കൂടുമ്പോൾ പരിശോധനകളും കൂട്ടേണ്ട സ്ഥാനത്താണിത്.
ഇതാദ്യമായി ഒരു ദിവസം രണ്ടായിരത്തിലേറെ പേർക്ക് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. അവസാന 24 മണിക്കൂറിലെ കണക്കുപ്രകാരം 2,137 പേർക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 36,824 ആയിട്ടുണ്ട്. ജൂൺ 11ന് 1877 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെ ഡൽഹിയിലെ ഒരു ദിവസത്തെ റെക്കോഡ് വർധന. മരണസംഖ്യ സർക്കാർ കണക്കിൽ 1214 ആയി ഉയർന്നു.
എന്നാൽ, ഇതിന്റെ ഇരട്ടിയാളുകൾ മരിച്ചിട്ടുണ്ടെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ നേതാക്കൾ അവകാശപ്പെടുന്നത്. ഈ കണക്കിൽ അടിസ്ഥാനമില്ലെന്ന് സംസ്ഥാന സർക്കാർ വാദിക്കുന്നു. ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനുകൾ നിരത്തുന്ന അതിശയോക്തി കലർന്ന കണക്കുകളാണിതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ അവകാശപ്പെടുന്നുണ്ട്.
അവരുടെ കണക്കുകൾ ശരിയാണെങ്കിൽ അതിന്റെ തെളിവുകൾ കൊണ്ടുവരട്ടെ. കൊവിഡ് സംശയിച്ച് മൃതദേഹങ്ങൾ സംസ്കരിക്കുകയും അതിനുശേഷം പരിശോധനാഫലം വരുമ്പോൾ കൊവിഡ് ഇല്ലെന്നു തെളിയുകയും ചെയ്ത കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുന്നു. അനുദിനം രോഗികൾ പെരുകുമ്പോൾ ഭേദമായവരുടെ നിരക്ക് താരതമ്യേന കുറവാണ് എന്നതും ഡൽഹിയുടെ സമ്മർദം ഏറ്റുന്നതാണ്. 13,398 പേർ മാത്രമാണ് ഡൽഹിയിൽ രോഗമുക്തരായത്.
22,200ലേറെ പേർ ഇപ്പോഴും രോഗികളായി തുടരുന്നു. ആശുപത്രി സൗകര്യങ്ങൾ അതിവേഗം വർധിപ്പിക്കേണ്ട അവസ്ഥയാണ്. പോസിറ്റീവായ 17,261 പേർ വീടുകളിൽ തന്നെ ഐസൊലേഷനിലാണു കഴിയുന്നത്. 345 പേരാണു വെന്റിലേറ്ററിലോ ഐസിയുവിലോ ഉള്ളതെന്നാണു സർക്കാർ കണക്ക്. സമീപ ദിവസങ്ങളിലെ ശരാശരി പോസിറ്റിവിറ്റി നിരക്കിൽ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്- 20.1. പരിശോധിക്കുന്ന 100ൽ 20 പേർ പോസിറ്റീവാകുന്നു.
പത്തു ശതമാനത്തിനടുത്താണ് ബിഹാറിലെയും ഗുജറാത്തിലെയും പോസിറ്റിവിറ്റി നിരക്ക്.
ഒരാഴ്ച മുൻപ് 15,000 സാംപിളുകൾ വരെ പരിശോധിച്ചിരുന്ന കർണാടക അത് 8000ലേക്കു താഴ്ത്തി എന്നാണു റിപ്പോർട്ടുകൾ വരുന്നത്. ഓരോ ദിവസവുമുണ്ടാകുന്ന കൊവിഡ് കേസുകളുടെ വർധന കുറച്ചു കാണിക്കാനാണ് പരിശോധനാ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് ആരോപണം.