1,000ന് അടുത്ത് പുതിയ രോഗികൾ, മൊത്തം വൈറസ് ബാധിതർ മൂന്നു ലക്ഷത്തിലേക്ക് ; മരണസംഖ്യയിലും റെക്കോഡ് വർധന
ന്യൂഡൽഹി: രാജ്യത്ത് ഇതാദ്യമായി ഒരു ദിവസം പതിനോരായിരത്തിനടുത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 2,97,535 ആയി. ഒരു ദിവസത്തെ മരണസംഖ്യയിലും പുതിയ റെക്കോഡാണ്. 396 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 8,498 ആയി ഉയർന്നു. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് യുകെയെ പിന്തള്ളി ഇന്ത്യ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ലോകരാജ്യങ്ങളിൽ നാലാം സ്ഥാനത്തായിട്ടുണ്ട്. 10,956 പുതിയ കേസുകളാണ് അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1,41,842 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,47,194 പേർ രോഗമുക്തരായി. 49.47 ശതമാനമാണ് റിക്കവറി നിരക്ക്. മരണനിരക്ക് 2.86 ശതമാനമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഒരു ദിവസം ഒമ്പതിനായിരത്തിലേറെയായിരുന്നു പുതിയ രോഗികൾ. അതു പെട്ടെന്ന് 11,000ന് അടുത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്നാട്ടിലും രോഗവ്യാപനം ആശങ്കാജനകമായി തുടരുമ്പോൾ മറ്റു പല സംസ്ഥാനങ്ങളിലും രോഗികൾ വർധിക്കുന്നുമുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഈ നിലയ്ക്കു പോയാൽ അടുത്തമാസം അവസാനമാകുമ്പോഴേക്കും ഐസിയു ബെഡുകളും വെന്റിലേറ്ററുകളും പോരാതെ വരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ ഒരു ലക്ഷത്തിന് അടുത്തെത്തി. 53,985 പേർക്കാണ് ഇതുവരെ മുംബൈയിൽ രോഗബാധയുണ്ടായത്. 1952 പേർ മുംബൈയിൽ മാത്രം ഇതുവരെ മരിച്ചു. 24,209 പേർ നഗരത്തിൽ രോഗമുക്തി നേടിയിട്ടുണ്ട്. മുംബൈയിൽ മാത്രം 1540 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം കുടുതലുള്ള രണ്ടാമത്തെ നഗരം പൂനെയിൽ 10,812 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 460 പേർ ഈ ജില്ലയിൽ മരിച്ചു. പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മാത്രം 8,893 കേസുകളുണ്ട്. സെൻട്രൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കൊവിഡ്ബാധിതർ 2430 ആയി ഉയർന്നുവെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലെ വൈറസ്ബാധിതർ 38,716 ആയിട്ടുണ്ട്. മരണം 349 ആയി. 1875 പേർക്കാണ് അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 34,687 പേർക്ക് ഇതുവരെ ഡൽഹിയിൽ രോഗബാധയുണ്ടായി. സംസ്ഥനാനത്തെ മരണസംഖ്യ 1,085 ആയിട്ടുണ്ട്