വീണ്ടും റെക്കോഡ് വർധന, 9996 പുതിയ കേസുകൾ; 357 പേർ കൂടി മരിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും റെക്കോഡ് വർധന. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 9996 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 2,86,579 ആയി ഉയർന്നു. 357 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8102 ആയിട്ടുണ്ട്.
തുടർച്ചയായി രണ്ടാം ദിവസവും രോഗം ഭേദമായവരുടെ എണ്ണം നിലവിലുള്ള രോഗികളെക്കാൾ കൂടുതലായി തുടരുന്നു. 1,37,448 പേരാണ് ചികിത്സയിലുള്ള രോഗികൾ. 1,41,028 പേർ രോഗമുക്തരായി. റിക്കവറി നിരക്ക് 49.21 ശതമാനം. അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 149 പേരാണു മരിച്ചത്. ഡൽഹിയിൽ 79 പേരും ഗുജറാത്തിൽ 34 പേരും യുപിയിൽ 20 പേരും മരിച്ചു. തമിഴ്നാട്ടിൽ 19, പശ്ചിമ ബംഗാളിൽ 17, തെലങ്കാനയിൽ എട്ട് എന്നിങ്ങനെയാണ് അവസാനത്തെ കൊവിഡ് മരണ കണക്കുകൾ.
മഹാരാഷ്ട്രയിലെ മൊത്തം മരണം 3438 ആയി ഉയർന്നിട്ടുണ്ട്. ഗുജറാത്തിൽ 1347. ഡൽഹിയിൽ 984 പേർ മരിച്ചു. മധ്യപ്രദേശിൽ 427, പശ്ചിമ ബംഗാളിൽ 432, തമിഴ്നാട്ടിൽ 326, യുപിയിൽ 321, രാജസ്ഥാനിൽ 259, തെലങ്കാന 156 എന്നിങ്ങനെയാണ് ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ.
മഹാരാഷ്ട്രയിൽ 94,000ൽ എത്തി മൊത്തം രോഗബാധിതർ. സംസ്ഥാനത്ത് 46,000 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. തമിഴ്നാട്ടിൽ രോഗബാധിതർ 37,000ന് അടുത്തെത്തിയിട്ടുണ്ട്. ഡൽഹിയിൽ 35,000ന് അടുത്ത്. 19,500ലേറെ പേർ ഡൽഹിയിൽ ഇപ്പോൾ ചികിത്സയിലുണ്ട്.