പുതിയ രോഗികൾ 9987, മൊത്തം മരണം 7466
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും റെക്കോഡ് വർധന. 9987 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 2,66,598 ആയി. 266 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 7466 ആയിട്ടുണ്ട്.
1,29,917 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 1,29,200ലേറെ പേർ രോഗമുക്തരായി. റിക്കവറി നിരക്ക് 48.47 ശതമാനമാണ്. അവസാന 24 മണിക്കൂറിൽ 109 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഡൽഹിയിൽ 62 പേർ മരിച്ചു. ഗുജറാത്തിൽ മുപ്പത്തൊന്നും തമിഴ്നാട്ടിൽ പതിനേഴും പേരാണു മരിച്ചത്. ഹരിയാനയിൽ 11, പശ്ചിമ ബംഗാളിൽ ഒമ്പത്, രാജസ്ഥാനിൽ ആറ്, ജമ്മു കശ്മീരിൽ നാല്, കർണാടകയിൽ മൂന്ന്, മധ്യപ്രദേശിലും പഞ്ചാബിലും രണ്ടു വീതം, ബിഹാറിലും കേരളത്തിലും ഒരാൾ വീതം മരിച്ചു.
മഹാരാഷ്ട്രയിൽ പുതുതായി 2500ൽ ഏറെ പേർക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതർ 88,528 ആയി. ഇതിൽ നാൽപ്പതിനായിരത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്. 46.28 ശതമാനം പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു. 3169 പേർ മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചിട്ടുണ്ടെന്നും മന്ത്രാലയം.
മുംബൈ നഗരത്തിൽ രോഗബാധിതർ 50,000 കടന്നു. നഗരത്തിലെ മരണം 1702 ആയിട്ടുണ്ട്. 64 പേരാണ് അവസാന 24 മണിക്കൂറിൽ മുംബൈയിൽ മരിച്ചത്. 1311 പേർക്ക് നഗരത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 50,085 പേർക്കാണ് ഇതുവരെ മുംബൈയിൽ രോഗബാധയുണ്ടായിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനമുണ്ടായതും മുംബൈയിലാണ്.
ദിവസം 75 ലേറെ പേർ തുടർച്ചയായി മഹാരാഷ്ട്രയിൽ മരിച്ചു തുടങ്ങിയിട്ട് 14 ദിവസമായി. ഇതിനിടെ പല ദിവസവും നൂറിലേറെ പേർ മരിച്ചു. ജൂൺ രണ്ടിന് 103, മൂന്നിന് 122, നാലിന് 123, അഞ്ചിന് 139, ആറിന് 120, ഏഴിന് 91, എട്ടിന് 109 എന്നിങ്ങനെയാണ് മുംബൈയിലെ മരണക്കണക്ക്. നൂറിൽ താഴെയെത്തിയ ശേഷം വീണ്ടും ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണ് പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 1562 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 33,000 പിന്നിട്ടിരിക്കുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 1149 പേരും ചെന്നൈയിലാണ്. സംസ്ഥാന തലസ്ഥാനത്തെ മൊത്തം രോഗബാധിതർ 23,298 ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു. തമിഴ്നാട്ടിലെ മൊത്തം മരണം 286 ആയിട്ടുണ്ട്.