ഗ്രാമങ്ങളിൽ കൊവിഡ് കൂടുന്നു, ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ
ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കും മന്ത്രാലയത്തിനും വെല്ലുവിളി ഉയർത്തി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് രോഗബാധിതർ കൂടുന്നതായി റിപ്പോർട്ടുകൾ. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ഇവരിൽ പലർക്കും രോഗബാധയുണ്ടാകുന്നു എന്നാണു കണ്ടെത്തുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമങ്ങളിൽ ആവശ്യത്തിനു ഡോക്റ്റർമാരും ചികിത്സാ സൗകര്യങ്ങളുമില്ല. അതുകൊണ്ടു തന്നെ രോഗവ്യാപനമുണ്ടായാൽ അതു വിനാശകരമാവുമെന്ന് പകർച്ചവ്യാധി വിദഗ്ധനായ ഡോ. നമൻ ഷാ പറഞ്ഞു. ബിഹാറിൽ ജുൺ ഒന്നുവരെ റിപ്പോർട്ട് ചെയ്ത 3,872 കേസുകളിൽ 2,743 എണ്ണവും കുടിയേറ്റ തൊഴിലാളികളുടേതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ. ഗ്രാമീണ ജില്ലകളിലാണ് ഇവർ ഏറെയുമുള്ളത്. മഹാരാഷ്ട്രയിലും ഗ്രാമീണ ജില്ലകളിൽ കൊവിഡ് ബാധിതർ വർധിക്കുന്നുണ്ട്. രാജസ്ഥാനിൽ 30 ശതമാനത്തോളം രോഗബാധിതർ ഇപ്പോൾ ഗ്രാമീണ ജില്ലകളിലായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമായും നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ആന്ധ്രപ്രദേശിലെ കൊവിഡ് കണക്കുകളും ഗ്രാമങ്ങളിലേക്കു കടക്കുന്നു. സമീപകാലത്തു സ്ഥിരീകരിച്ച കേസുകളിൽ മൂന്നിലൊന്നും ഗ്രാമീണ ജില്ലകളിലാണെന്ന് ആന്ധ്രയിലെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ഒഡിശയിൽ പുതിയ കേസുകളിൽ 80 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. മേയ് മാസം തുടങ്ങുമ്പോൾ ഒരു കൊവിഡ് രോഗബാധിതൻ പോലുമില്ലാതിരുന്ന ഗ്രാമീണ മേഖലകളിൽ ഇപ്പോൾ വലിയ തോതിൽ രോഗബാധിതരുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നാലര ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് ഒഡിശയിലേക്കു തിരിച്ചുവന്നിരിക്കുന്നത്.
ഉത്തർപ്രദേശിലും ഗ്രാമീണ ജില്ലകളിൽ കൊവിഡ് ബാധിതർ കൂടുന്നുണ്ട്. കനൗജ്, ഓറിയ, ഫറൂഖാബാദ്, ഉന്നാവ്, ഇറ്റാവ, സുൽത്താൻപുർ, ഫിറോസാബാദ്, ബസ്തി എന്നിവിടങ്ങളിലെല്ലാം രോഗബാധിതർ ഏറുകയാണ്. മെഡിക്കൽ സ്ക്രീനിങ്ങ് ഒഴിവാക്കി ഗ്രാമങ്ങളിലെത്തിയ കുടിയേറ്റ തൊഴിലാളികൾ ഏറെയുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം കരുതുന്നു. രോഗലക്ഷണങ്ങൾ പുറത്തുകാണാത്തത് സ്വയം സംശയമുണ്ടാക്കുന്നില്ല. മറ്റുള്ളവർക്കും സംശയമുണ്ടാവില്ല. ഇത് വ്യാപന സാധ്യത കൂട്ടുന്നു. കനൗജ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ഗുരുഗ്രാമിൽ നിന്നു തിരിച്ചെത്തിയ അമ്മയും മകളും കുടുംബത്തിലെ പത്തു പേർക്കാണ് രോഗബാധയുണ്ടാക്കിയത്. ഗ്രാമീണ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് സംസ്ഥാന സർക്കാർ ആരോഗ്യ പ്രവർത്തകരോടു നിർദേശിച്ചു.
നിരവധി കുടുംബങ്ങൾ ഒരു കുടിവെള്ള സ്രോതസിനെ (കിണറോ ഹാൻഡ് പമ്പോ) ആശ്രയിക്കുന്ന അവസ്ഥയാണ് യുപിയിലെ ഗ്രാമങ്ങളിൽ. ഇതു തന്നെ വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് ചിലരെങ്കിലും പുറത്തുചാടുന്നുണ്ട്. അവർ സുരക്ഷാ പ്രോട്ടോകോളുകൾ അവഗണിക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ പുറത്തുകാണാത്തതിനാൽ ഗ്രാമവാസികൾ എതിർക്കുന്നുമില്ല- ആരോഗ്യ പ്രവർത്തകർ പറയുന്നു. ഗ്രാമങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.