മഴക്കാല പകർച്ചവ്യാധികളെ തടയാം
# ഡോ. ഷർമദ് ഖാൻ ആയുർരക്ഷാ ക്ലിനിക്ക് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ചേരമാൻതുരുത്ത് 9447963481
മനുഷ്യരുൾപ്പെടെയുള്ളവർ മഴകാരണമുള്ള ആലസ്യത്തിലേക്ക് മാറുമ്പോൾ രോഗം പകർത്തുവാൻ കഴിവുള്ള കൊതുകും എലിയും വൈറസുകളും കൂടുതൽ കരുത്ത് നേടുകയാണ് ചെയ്യുന്നത്. വായുവിലൂടെയും ജലത്തിലൂടെയും ജന്തുക്കൾ വഴിയും രോഗം പകർത്തുവാൻ അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തുള്ളത്
ജൂൺ മുതൽ ഏകദേശം മൂന്ന് മാസം വരെ മഴക്കാലമാണ്. ജലവും വായുവും ദേശവും ദുഷിച്ച് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള കാലം. നല്ല വെയിൽ മാറി കാലവർഷം തുടങ്ങുമ്പോൾ കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. മനുഷ്യരുൾപ്പെടെയുള്ളവർ മഴകാരണമുള്ള ആലസ്യത്തിലേക്ക് മാറുമ്പോൾ രോഗം പകർത്തുവാൻ കഴിവുള്ള കൊതുകും എലിയും വൈറസുകളും കൂടുതൽ കരുത്ത് നേടുകയാണ് ചെയ്യുന്നത്. വായുവിലൂടെയും ജലത്തിലൂടെയും ജന്തുക്കൾ വഴിയും രോഗം പകർത്തുവാൻ അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തുള്ളത്. കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യക്തിഗത രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുവാനുതകുന്ന ഭക്ഷണവും ശീലവും ഉപയോഗിച്ചാൽ പകർച്ചവ്യാധികളെ തടയുന്നതിന് സാധിക്കും.
രോഗം വന്നാൽ ശരിയായതും സമയത്തുള്ളതുമായ ചികിത്സയും കൂടിയേതീരൂ. മഴക്കാലം പകർച്ചവ്യാധികളുടെ കാലമാണെന്ന് പറയാം. വൈറൽ ഫീവർ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലമ്പനി, പന്നിപ്പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് - എ എന്നിവയൊക്കെ വരാം. എല്ലാ പകർച്ചവ്യാധികളുടെയും പൊതുവായ ലക്ഷണം പനിയാണ്. വ്യക്തിശുചിത്വം മാത്രം സംരക്ഷിച്ച് പകർച്ചവ്യാധികളെ തടയാനാവില്ല. പരിസരശുചിത്വവും ആഹാര ശുചിത്വവും ആചാര ശുചിത്വവും പാലിക്കണം.
വൈറൽ ഫിവറും പന്നിപ്പനിയും ചെങ്കണ്ണും വായുവിലൂടെ പകരുന്നതും, വയറിളക്കവും മഞ്ഞപ്പിത്തവും വെള്ളത്തിലൂടെയും, ജന്തുജന്യമായി ചെള്ളുപനിയും എലിപ്പനിയും വിരശല്യവും, കൊതുകുകൾ കാരണം ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ജാപ്പനീസ് എൻസഫലൈറ്റിസ് എന്ന ജപ്പാൻ പനിയും പകരും. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഒരു വൈറൽ ഫീവർ എങ്കിലും ബാധിക്കാത്തവർ കുറവായിരിക്കും. അലർജി കാരണമുള്ള തുമ്മൽ, ശ്വാസംമുട്ട്, സൈനസൈറ്റിസ് എന്നിവയും വർധിക്കാം.
പകർച്ചവ്യാധികൾ പിടിപെട്ടാൽ പൂർണവിശ്രമം വേണം. നിർബന്ധമായും യാത്രകളും കൂട്ടംകൂടി നിൽക്കലും ഒഴിവാക്കണം. ഹസ്തദാനം നൽകുവാനോ മുഖം മറയ്ക്കാതെ തുമ്മുവാനോ പാടില്ല. ചില പ്രധാന കാര്യങ്ങളിൽ നിന്നും മാറി നിൽക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു മീറ്റിങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുത്തും പൊതു വാഹനങ്ങളിൽ യാത്ര ചെയ്തും രോഗം പകർത്തുന്നവർ സമൂഹത്തോട് ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയുക. വായുവിലൂടെ പകരുന്ന രോഗമുള്ളവരെ മറ്റുള്ളവർ സന്ദർശിക്കുന്നത് ഒഴിവാക്കണം. രോഗികൾ പ്രത്യേക മുറിയിൽ താമസിക്കണം. ആശുപത്രികളേക്കാൾ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്നതാണ് നല്ലത്. രോഗികൾ ഉപയോഗിച്ച വസ്ത്രം, പാത്രം, റിമോട്ട് കൺട്രോൾ, കംപ്യൂട്ടർ, മൊബൈൽ, പേനകൾ എന്നിവ അണുനാശക വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റുള്ളവർ ഉപയോഗിക്കാവൂ.
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളല്ല. രോഗബാധയുള്ളവരെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. അതും ഒരു കടി തന്നെ ധാരാളം. ആയതിനാൽ രോഗമുള്ളവർ നിർബന്ധമായും കൊതുക് വല ഉപയോഗിക്കണം.
പെൺവർഗത്തിൽപ്പെട്ട ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകളാണ് ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തുന്നത്. പകൽസമയത്ത് മങ്ങിയ വെളിച്ചത്തിൽ ഇവ കൂടുതലായി കടിക്കുകയും ചെയ്യും. ശരീരം പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുക് കടി ഏൽക്കാതിരിക്കാൻ നല്ലത്. ഓട വൃത്തിയാക്കുകയോ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടുകയോ ചെയ്യുമ്പോൾ ശരീരത്തിലെ മുറിവുകളിലൂടെ എലിപ്പനിയുടെ രോഗാണുക്കൾ പകരാവുന്നതാണ്. എലിയുടെ മൂത്രം വീണ ആഹാരമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും.
അന്യസംസ്ഥാന തൊഴിലാളികളുടെ ആഭ്യന്തര യാത്രകൾ മലേറിയ വർധിപ്പിക്കുന്നതിന് സാഹചര്യമൊരുക്കും. കെട്ടിനിൽക്കുന്ന ശുദ്ധജലം കൊതുകുകൾ വർധിക്കുന്നതിന് ഇടയാകുന്നു. അതുപോലെ കെട്ടിനിൽക്കുന്ന മലിനജലത്തിൽ ഇറങ്ങിയാൽ എലിപ്പനി ബാധിക്കുന്നതിനും കാരണമാകും. ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ ഒന്നര ലക്ഷം മുതൽ നാലു ലക്ഷം വരെ സാധാരണ കാണുന്ന പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വെറും ഇരുപതിനായിരത്തിലേക്ക് താഴുന്നത് അപകടം ക്ഷണിച്ചുവരുത്തും. ആശുപത്രി വാസവും ആവശ്യമായിവരും. മിക്ക പകർച്ചവ്യാധികളും ശരിയായി ചികിത്സിച്ചുമാറ്റാതെ തുടർന്ന് നിന്നാൽ ഹൃദയം, ശ്വാസകോശം, തലച്ചോറ്, വൃക്ക തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകും.