9,000 കടന്ന് പുതിയ രോഗികൾ, 260 പേർ കൂടി മരിച്ചു
ന്യൂഡൽഹി: ഒരു ദിവസത്തിനിടയിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും റെക്കോഡ്. 24 മണിക്കൂറിലെ പുതിയ രോഗബാധിതർ ഇതാദ്യമായി 9,000 കടന്നു. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 260 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം കൊവിഡ് മരണം 6,075 ആയി. 9,304 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെ മൊത്തം രോഗബാധിതർ ഇതോടെ 2,16,919 ആയി ഉയർന്നിട്ടുണ്ട്. 1,06,737 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ലക്ഷത്തിലേറെ പേർ രോഗമുക്തരായി. റിക്കവറി നിരക്ക് 47.99 ശതമാനമാണ്.
അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ മരിച്ചത് 122 പേരാണ്. കൊവിഡ് ബാധിച്ച് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയും പേർ മരിക്കുന്നത് ആദ്യം. എട്ടു ദിവസത്തിനിടെ നാലാം തവണയാണ് നൂറിലേറെ പേർ സംസ്ഥാനത്തു മരിക്കുന്നത്.
മേയ് 27ന് 105 പേരും 29ന് 116 പേരും ജൂൺ രണ്ടിന് 103 പേരും മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ മൊത്തം മരണം 2,587 ആയി ഉയർന്നിട്ടുണ്ട്. 3.45 ശതമാനമാണ് ഇപ്പോൾ മഹാരാഷ്ട്രയിലെ മരണനിരക്ക്. അതേസമയം, റിക്കവറി നിരക്ക് 43.18 ശതമാനമായി ഉയർന്നിട്ടുണ്ട്. 2,560 പേർക്കാണ് സംസ്ഥാനത്തു പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 74,860 ആയി കുതിച്ചുകയറി. 39,935 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 32,300ലേറെ പേർ രോഗമുക്തരായി.
മുംബൈയിൽ 1,276 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന തലസ്ഥാന നഗരത്തിലെ മൊത്തം കൊവിഡ്ബാധിതർ ഇതോടെ 43,262 ആയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം മരണത്തിൽ 1,417ഉം മുംബൈയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗബാധിതർ 1,849 ആയി ഉയർന്നിട്ടുണ്ട്. 71 പേർ ധാരാവിയിൽ മാത്രം മരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡൽഹിയിൽ അമ്പതും ഗുജറാത്തിൽ മുപ്പതും തമിഴ്നാട്ടിൽ പതിനൊന്നും പശ്ചിമ ബംഗാളിൽ പത്തും പേർ അവസാന 24 മണിക്കൂറിൽ മരിച്ചു. മധ്യപ്രദേശിലും യുപിയിലും തെലങ്കാനയിലും ഏഴു വീതം, രാജസ്ഥാനിൽ ആറ്, ആന്ധ്രയിൽ നാല് എന്നിങ്ങനെയാണ് അവസാനം മരിച്ചവരുടെ എണ്ണം. ഗുജറാത്തിൽ 1,122 പേരാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശിൽ 371 പേരും പശ്ചിമ ബംഗാളിൽ 345 പേരും യുപിയിൽ 229 പേരും രാജസ്ഥാനിൽ 209 പേരും തമിഴ്നാട്ടിൽ 208 പേരും ഇതുവരെ മരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ മൊത്തം കൊവിഡ് ബാധിതർ 25,872 ആയി. ഡൽഹിയിൽ 23,645. ഗുജറാത്തിൽ 18,100 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രാജസ്ഥാനിൽ 9,652 പേർക്കു വൈറസ് ബാധിച്ചു.