നാളെ മുതൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം; അറിയേണ്ടതെല്ലാം...
രുവനന്തപുരം: സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും. സംസ്ഥാന സിലബസിൽ പഠിക്കുന്ന ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈനായാണ് ക്ലാസുകൾ. ഇതിനായി ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.
തിങ്കളാഴ്ചത്തെ ടൈംടേബിൾ
പ്ലസ് ടു: ഇംഗ്ലീഷ് - രാവിലെ 8.30, ജിയോഗ്രഫി-9.00, ഗണിതശാസ്ത്രം- 9.30, രസതന്ത്രം-10
പത്താം ക്ലാസ്: ഭൗതികശാസ്ത്രം-11.00, ഗണിതശാസ്ത്രം-11.30, ജീവശാസ്ത്രം-12.00
പ്രൈമറി വിഭാഗത്തില്‍
ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം.
രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം.
മൂന്നാം ക്ലാസിന് ഒരു മണിക്ക് മലയാളം
നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം - ഉച്ചക്ക് യഥാക്രമം 2.00, 2.30, 3.00.
എട്ടാം ക്ലാസ്: ഗണിതശാസ്ത്രം-വൈകുന്നേരം 3.30. രസതന്ത്രം-4.00.
ഒമ്പതാം ക്ലാസ്: ഇംഗ്ലീഷ്-വൈകുന്നേരം4.30. ഗണിതശാസ്ത്രം-5.00
പന്ത്രണ്ടാം ക്ലാസിലുള്ള നാല് വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്വര്ക്കില് 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക.
വിഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടിവിയിലും 642-ാം നമ്പറില്‍ ചാനല്‍ ലഭിക്കും. ഇതിനുപുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും. ആദ്യ ആഴ്ച പരീക്ഷണ സംപ്രേക്ഷണമായതിനാല്‍ ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേക്ഷണം ചെയ്യും.
വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പിടിഎകളുടേയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്.