വീണ്ടും റെക്കോഡ് വർധന, 8,300ലേറെ പുതിയ രോഗികൾ
ന്യൂഡൽഹി: ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും ഏറ്റവും വലിയ വർധന രേഖപ്പെടുത്തി ഇന്ത്യ. ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 8,380 പേർക്കാണ്. ഇതാദ്യമായാണ് ഒരു ദിവസം രോഗബാധിതർ എണ്ണായിരം കടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഏഴായിരത്തിലേറെയായിരുന്നു. മരണസംഖ്യ 5,164 ആയിട്ടുണ്ട്. മൊത്തം രോഗബാധിതർ 1,82,143.
89,995 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 86,900നു മുകളിൽ ആളുകൾക്ക് രോഗം ഭേദമായി. റിക്കവറി നിരക്ക് 47.75 ശതമാനം. 193 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്. അതിൽ 99 മരണവും മഹാരാഷ്ട്രയിൽ. ഗുജറാത്തിൽ 27. ഡൽഹിയിൽ 18 പേരും മധ്യപ്രദേശിലും രാജസ്ഥാനിലും ഒമ്പതു പേർ വീതവും മരിച്ചു. പശ്ചിമ ബംഗാളിൽ ഏഴും തമിഴ്നാട്ടിലും തെലങ്കാനയിലും ആറു വീതവും പേർ മരിച്ചിട്ടുണ്ട്.
ബിഹാറിൽ അഞ്ചുപേരും യുപിയിൽ മൂന്നു പേരും മരിച്ചു. മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ 65,000 പിന്നിട്ടിട്ടുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 65,168 പേർക്കാണു രോഗബാധയുണ്ടായത്. ഇതിൽ 34,881 പേർ ഇപ്പോഴും ചികിത്സയിലാണ്. മൊത്തം മരണം 2197 ആയി. മുംബൈ നഗരത്തിലെ ഇതുവരെയുള്ള രോഗബാധിതർ 38,442 ആയിട്ടുണ്ട്. 20,845 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു.
മുംബൈയും പൂനെയും പോലുള്ള തീവ്രബാധിത മേഖലകളിൽ ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പിൻവലിച്ചാൽ രോഗവ്യാപനം ഇനിയും കൂടുമെന്നാണ് മുഖ്യമന്ത്രിക്കു ലഭിച്ചിരിക്കുന്ന വിദഗ്ധോപദേശം.
ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണ് തമിഴ്നാട്ടിൽ ഉണ്ടായിരിക്കുന്നത്.
938 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികൾ 21,184 ആയിട്ടുണ്ട്. ഡൽഹിയിൽ 18,549 പേർക്കാണു രോഗം ബാധിച്ചത്; ഗുജറാത്തിൽ 16,343 പേർക്കും. ഗുജറാത്തിൽ ഇതുവരെയുള്ള കൊവിഡ് മരണം ആയിരം കടന്നു. അവസാന കണക്കുപ്രകാരം 1007 പേർ മരിച്ചു. ഡൽഹിയിൽ 416 പേരാണ് ഇതുവരെ മരിച്ചത്.