തീവ്രബാധിത മേഖലകളിൽ ജൂൺ 30 വരെ ലോക്ഡൗൺ നീട്ടി; ആരാധനാലയങ്ങളും ഹോട്ടലുകളും തുറക്കും
ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ജൂൺ 30 വരെ നീട്ടി. ആരാധനാലയങ്ങൾ തുറക്കുന്നതടക്കം നിരവധി ഇളവുകൾ നൽകിയിട്ടുണ്ട്. അഞ്ചാം പതിപ്പിൽ ഇതുവരെയുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂന്ന് ഘട്ടമായി നീക്കുകയാണ് ചെയ്യുന്നത്. അഞ്ചാം ഘട്ടം ജൂൺ ഒന്ന് മുതൽ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതൽ ഇളവുകൾ നൽകിത്തുടങ്ങും.
ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശപ്രകാരം കൊവിഡ് തീവ്രബാധിത പ്രദേശങ്ങൾ ഒഴിച്ച് എല്ലാ പ്രവർത്തനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും. കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്ന് ജില്ലാ ഭരണകൂ ടങ്ങൾക്ക് തീരുമാനിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇവിടെ കടക്കുന്നതും പുറത്തുപോവുന്നതും കർശനമായി നിയന്ത്രിക്കും.
ഈ പ്രദേശങ്ങളിൽ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തലും വീടുതോറുമുള്ള നിരീക്ഷണവും ശക്തമാക്കുമെന്നും കേന്ദ്രം അറിയിച്ചു. ലോക്ക്ഡൗൺ പുതിയ പതിപ്പിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം.
ആദ്യ ഘട്ടമായ ജൂൺ എട്ട് മുതൽ ആരാധാനാലയങ്ങൾ, ഹോട്ടൽ, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് സാമൂഹിക അകലം ഉറപ്പുവരുത്തിയാകും പ്രവർത്തിക്കാൻ അനുമതി നൽകുക. രണ്ടാം ഘട്ടത്തിൽ സ്കൂളുകൾ, കോളെജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും.
മൂന്നാം ഘട്ടത്തിൽ തിയെറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, മെട്രൊ റെയ്ൽ സർവീസ്, ബാറുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി. എന്നാൽ ഇവയും സാഹചര്യം വിലയിരുത്തി കൂടിയാലോചനകൾക്ക് ശേഷം മാത്രമേ അനുവദിക്കൂ. ലോക്ക്ഡൗൺ അഞ്ചാം പതിപ്പിൽ അന്തർസംസ്ഥാന, അന്തർജില്ലാ യാത്രകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനം കടന്നും സംസ്ഥാനത്തിനുള്ളിലും യാത്രയ്ക്കും ചരക്ക് നീക്കത്തിനും നിയന്ത്രണവമുണ്ടാവില്ല. രാജ്യാന്തരവിമാന സർവീസുകൾ ആരംഭിക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷം മാത്രം. സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക സമ്മേളനങ്ങൾ തുടങ്ങി പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും. രാത്രിയാത്രാ നിയന്ത്രണവും തുടരും. രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാവിലക്കുണ്ടാകും.