സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ ഫലം നെഗറ്റീവായി. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിൽ 9 പേർ വിദേശത്തു നിന്നാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട് -5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. വിദേശത്തു വച്ച് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലപ്പുറത്ത് ആറ് പേരും കാസർഗോട്ട് രണ്ട് പേരും വയനാട്, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 1004 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 445 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര് വീടുകളിലും 892 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്