ചൈനീസ് നുഴഞ്ഞുകയറ്റം ചെറുക്കും: ഇന്ത്യ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈന സംഘർഷം സൃഷ്ടിക്കുന്ന അതിർത്തി പ്രദേശങ്ങളിൽ നിന്നു പിന്മാറില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അതിർത്തിയിൽ സംഘർഷം വർധിപ്പിക്കുകയാണ് ചൈനയെന്നും ഇന്ത്യൻ പട്രോൾ സംഘങ്ങളെ തടയുകയാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. അതിർത്തി തർക്കങ്ങളിൽ സമാധാനപരമായ നയതന്ത്ര നീക്കങ്ങളാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അവർ.
ചൈനയുടെ ഭീഷണിക്കു വഴങ്ങി അതിർത്തി പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കില്ല. ചൈനീസ് നുഴഞ്ഞുകയറ്റങ്ങൾ സൈന്യം ചെറുക്കുക തന്നെ ചെയ്യും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തടസപ്പെട്ട അതിർത്തിയിലെ പശ്ചാത്തല വികസന പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും. നിലവിലുള്ള അവസ്ഥ ഏകപക്ഷീയമായി മാറ്റിമറിക്കാൻ ചൈനയെ അനുവദിക്കില്ല.
അതേസമയം നയതന്ത്രതലത്തിലെ ചർച്ചകൾക്ക് എപ്പോഴും സന്നദ്ധമായിരിക്കും- സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനീസ് അതിർത്തിയിലെ സംഘർഷങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ചയെന്നാണു റിപ്പോർട്ടുകൾ.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ലയുമായും മോദി ചർച്ച നടത്തിയിരുന്നു. അതിനു മുൻപ് സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിശദമായി സംസാരിച്ചിരുന്നു.
ഇതിനിടെ, ഏതു സമയത്തും യുദ്ധത്തിനു തയാറായിരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് സൈന്യത്തിനു നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. യുഎസുമായുള്ള തർക്കം രൂക്ഷമായിരിക്കുകയും ഇന്ത്യൻ അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്ത സമയത്തെ ഷിയൂടെ ഈ നിർദേശം മേഖലയിൽ ആശങ്ക പരത്തുന്നതാണ്.
ചൈനക്കെതിരായ വെല്ലുവിളികൾ വർധിച്ചിരിക്കുന്നുവെന്നും പുതിയ കാലത്തെ ശത്രുക്കളെ നേരിടാൻ അടിയന്തരമായി ഒരുങ്ങണമെന്നുമാണ് ഷി പറഞ്ഞതെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയടക്കം അയൽ രാജ്യങ്ങളിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് നേരത്തേ യുഎസ് ചൂണ്ടിക്കാട്ടിയിരുന്നു.