ലോക്ക്ഡൗണില്‍പ്പെട്ട് ജര്‍മനിയില്‍ കുടുങ്ങി നിരവധി മലയാളികള്‍
# ജോസ് കുമ്പിളുവേലില്‍
സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍തന്നെ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളില്‍ എത്തിച്ചിട്ടും 120 ല്‍ അധികം വരുന്ന മലയാളികള്‍ ഇതുവരെയായി നാട്ടിലേക്കു തിരികെ മടങ്ങാനാവാത്ത അവസ്ഥയിലാണ്.
ബര്‍ലിന്‍: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ജര്‍മനിയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടില്‍ തിരികെപ്പോകാന്‍ പറ്റാത്ത സഹാചര്യം തുടരുകയാണെന്ന് ഇവിടെയുള്ള മലയാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍തന്നെ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളില്‍ എത്തിച്ചിട്ടും 120 ല്‍ അധികം വരുന്ന മലയാളികള്‍ ഇതുവരെയായി നാട്ടിലേക്കു തിരികെ മടങ്ങാനാവാത്ത അവസ്ഥയിലാണ്.
ഇവരില്‍ 70 മേല്‍ പ്രായമുള്ള അമ്മമാരും, വിസ കാലവധി അവസാനിച്ചവരും, വിദ്യാര്‍ത്ഥികളും, ജോലി നഷ്ടപ്പെട്ടവരും, ജോബ് സീക്കര്‍ വിസക്കാരും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളവരും, ഗര്‍ഭിണികളും, സന്ദര്‍ശകരും, അമ്മ മരിച്ചിട്ട് ഒരു നോക്കു കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും വരെ ഉള്‍പ്പെടുന്നു.
ഹാംബുര്‍ഗ്, കൊളോണ്‍, മ്യൂണിക്, സ്ററുട്ട്ഗാര്‍ട്ട്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവര്‍ പെട്ടു പോയിരിക്കുന്നത്.
ഇത്രയും പേരുടെ ലിസ്റ്റ് ബര്‍ലിനിലെ ഇന്‍ഡ്യന്‍ എംബസിയില്‍ കൊടുക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടും മുന്‍ഗണനാ ക്രമത്തില്‍ പരിഗണിയ്ക്കുക ചെയ്തിട്ടില്ലന്നാണ് ഇവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിലും, നോര്‍ക്കയിലും, മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവന്നിട്ടുണ്ടെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ അറിയിച്ചെങ്കിലും ഇതുവരെയായി ആശ്വാസകരമായ ഒരു സമീപനവും എങ്ങുനിന്നും കിട്ടിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ഈ മാസം 28 നും 29 നും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്‍ഡ്യയുടെ രണ്ടു ഫ്ളൈറ്റുകള്‍ ഡല്‍ഹി, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്താനിരിക്കെയാണ് മലയാളികള്‍ക്ക് പറക്കാന്‍ ഇടം കിട്ടാതെ പോയത്. ഇവരെ കഴിവതും വേഗം നാട്ടിലെത്തിക്കാന്‍ ലേഖകനും, മലയാളി സംഘടനയും ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.