ഇന്ത്യയിൽ കൊവിഡ് രോഗബാധിതർ ഒന്നര ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതർ ഒന്നരലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇന്നു രാവിലത്തെ കണക്കനുസരിച്ച് ഇതുവരെ രോഗം ബാധിച്ചത് 1,51,767 പേർക്കാണ്. വൈറസ് മൂലമുള്ള മരണം 4,337 ആയിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ 6,387 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 170 പേർ മരിച്ചു. ഇതുവരെ 64,425 പേർ രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
മഹാരാഷ്ട്രയിൽ 97 പേരും ഗുജറാത്തിൽ 27 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഡൽഹിയിൽ 12, തമിഴ്നാട്ടിൽ ഒമ്പത്, മധ്യപ്രദേശിലും യുപിയിലും പശ്ചിമ ബംഗാളിലും അഞ്ചു വീതം പേർ മരിച്ചു. ഇതുവരെ 1792 പേരാണു മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്. ഗുജറാത്തിൽ 915. മധ്യപ്രദേശിൽ 305 പേരും ഡൽഹിയിൽ 288 പേരും പശ്ചിമ ബംഗാളിൽ 283 പേരും മരിച്ചു. രാജസ്ഥാനിലും യുപിയിലും 170 പേർ വീതമാണു മരിച്ചത്; തമിഴ്നാട്ടിൽ 127.
മഹാരാഷ്ട്രയിൽ രോഗബാധിതർ 54,758 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 14 ദിവസം കൊണ്ടാണ് ഇപ്പോൾ ഇരട്ടിക്കുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അജോയ് മേത്ത പറഞ്ഞു. നേരത്തേ മൂന്നു ദിവസം കൊണ്ട് ഇരട്ടിക്കുന്ന അവസ്ഥയുണ്ടായിരുന്നു. മരണനിരക്ക് ഏപ്രിലിലെ 7.6 ശതമാനത്തിൽനിന്ന് 3.25 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ സർക്കാരിനു കഴിഞ്ഞെന്നും ചീഫ് സെക്രട്ടറി. രാജ്യത്തെ തന്നെ പ്രധാന ഹോട്ട്സ്പോട്ടായി മാറിയ മുംബൈയിൽ 75,000 ബെഡുകൾ കൊവിഡ് ബാധിതർക്കായി ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു. 27 പുതിയ ലബോറട്ടറികൾ കൂടി ആരംഭിക്കും. ഇപ്പോൾ സംസ്ഥാനത്ത് 72 ലാബുകളിലാണു പരിശോധന നടത്തുന്നത്. ക്വാറന്റൈൻ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനടക്കം 16,000 നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം.
സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മുംബൈയിൽ കൊവിഡ് കേസുകൾ 32,791 ആയി ഉയർന്നിട്ടുണ്ട്. നഗരത്തിലെ മരണം 1,065 ആയി. 39 പേരാണ് ചൊവ്വാഴ്ച മുംബൈയിൽ മാത്രം മരിച്ചത്. 410 പേരെ ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ചെയ്തു.
ഗുജറാത്തിലും തമിഴ്നാട്ടിലും ഡൽഹിയിലും കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലെ വൈറസ് ബാധിതർ 17,728 ആയി. ഗുജറാത്തിൽ 14,829 രോഗബാധിതരാണുള്ളത്. അഹമ്മദാബാദിലെ മാത്രം രോഗബാധിതർ 10,841 പേരാണ്. ഡൽഹിയിൽ 14,465 പേർക്ക് രോഗം ബാധിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവോടെ ബിഹാർ, പശ്ചിമ ബംഗാൾ, അസം, ഒഡിശ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം വലിയ തോതിൽ ഉയരുന്നുവെന്നാണു കണക്കുകൾ കാണിക്കുന്നത്. വരും ദിവസങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഒഡിശ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.