ഹര്‍ത്താല്‍ പൂര്‍ണം; കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു
കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണം. ഇതിനിടെ കണ്ണൂര്‍ സിറ്റിയില്‍ വെട്ടേറ്റ എസ്ഡിപിഐ പ്രവര്ത്തകന് മരിച്ചു. എസ്ഡിപിഐ നീര്ച്ചാല് യൂണിറ്റ് പ്രസിഡന്റ് കണ്ണൂര്‍ സിറ്റി പൂവളപ്പ് ഫാറൂഖ് (45) ആണു മരിച്ചത്. ഇന്നു രാവിലെ പതിനൊന്നിനാണു കണ്ണൂര്‍ സിറ്റി ബര്‍മ ഹോട്ടലിനു സമീപത്തു വച്ചു ഫാറൂഖിനു വെട്ടേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്നു എസ്ഡിപിഐ ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സിറ്റി സ്വദേശി അബ്ദുല്‍ റൗഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം.
ബിജെപി ഹര്‍ത്താലില്‍ പൊതുവാഹനങ്ങളൊന്നും റോഡിലിറങ്ങുന്നില്ല. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
മലപ്പുറം ജില്ലയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു തലശേരിയിലേക്കു പോവുകയായിരുന്ന കാറിനുനേരെ കൊണ്ടോട്ടി ഐക്കരപ്പടിയിലാണു കല്ലേറുണ്ടായത്. ഇന്നു രാവിലെ മസ്ക്കറ്റില്നിന്നെത്തിയ യാത്രക്കാരനുമായി പോവുകയായിരുന്നു കാര്‍. കല്ലെറിഞ്ഞ മൂന്നുപേരെ പൊലീസ് പിടികൂടി. യാത്രക്കാര്‍ക്കു പരുക്കില്ല.
പോത്തുകളെ കയറ്റിവന്ന മിനിലോറി വണ്ടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ത!ടഞ്ഞു. ലോറിയുടെ ടയറുകളിലെ കാറ്റൂരിവിട്ടു. പോത്തുകളെ കുത്തിനിറച്ചു കൊണ്ടുവന്നെന്ന പരാതിയെത്തുടര്‍ന്നു ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കോട്ടപ്പടിയിലും എടക്കരയിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്കു തീയിട്ടു. ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അജ്ഞാതര്‍ കടയ്ക്കു തീയിട്ടത്.പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് ടൂറിസ്റ്റ് ബസിനുനേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. അലത്തൂര് പൂടൂരില്‍ കോഴിക്കടയ്ക്കുനേരെയും ആക്രമണമുണ്ടായി.
കോട്ടയം പാലായില്‍ പൊലീസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ആലപ്പുഴ ജില്ലയില്‍ അങ്ങിങ്ങ് ആക്രമണം. പട്ടണക്കാട് കടയ്ക്കു നേരെ കല്ലേറുണ്ടായി. തൃശൂര്‍ നഗരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമം. ബൈക്കിലെത്തിയ സംഘം നഗരമധ്യത്തിലെ അഴീക്കോടന്‍ സ്മാരക സ്തൂപം തകര്‍ത്തു.
സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതയിലാണ് പൊലീസ്. ഇന്നത്തെ ഹര്‍ത്താലില്‍ സമാധാനം പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശിപ്പിക്കലും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ അഭ്യര്‍ഥിച്ചിരുന്നു. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ചു കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.