പുതിയ രോഗികളിൽ വീണ്ടും കുതിപ്പ്; 6767 പേർക്കു കൂടി വൈറസ് ബാധ, ആശങ്കയേറ്റി മുംബൈയും മഹാരാഷ്ട്രയും
ന്യൂഡൽഹി: തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ റെക്കോഡ് വർധന. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 6,767 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 1,31,868 ആയി ഉയർന്നു. 147 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 3,867 ആയി ഉയർന്നിട്ടുണ്ട്. ഇപ്പോൾ 73,560 വൈറസ്ബാധിതരാണു ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
54,400ലേറെ പേർക്കു രോഗം ഭേദമായിട്ടുണ്ട്. 41.28 ശതമാനം പേർക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. രോഗബാധയിൽ ഏറ്റവും മുന്നിലുള്ള മഹാരാഷ്ട്രയിൽ 47,190 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മുംബൈയിൽ മാത്രം 28,817 പേർക്കാണു വൈറസ് ബാധിച്ചത്.
ശനിയാഴ്ച സംസ്ഥാനത്ത് 2608 പേർക്കു രോഗം സ്ഥിരീകരിച്ചതിൽ 1566 കേസുകളും മുംബൈയിലാണ്. ഇന്നലെ 60 പേർ കൂടി മഹാരാഷ്ട്രയിൽ മരിച്ചു. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 1,577 ആയിട്ടുണ്ട്. തുടർച്ചയായി ഏഴു ദിവസമായി മഹാരാഷ്ട്രയിൽ രണ്ടായിരത്തിലേറെ വീതം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു.
വൈറസ് വ്യാപനം തടയാനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ നടക്കുമ്പോഴും ആശ്വസിക്കാൻ വക കിട്ടുന്നില്ല എന്നതാണ് സംസ്ഥാനത്തെ അവസ്ഥ. ഇതിൽത്തന്നെ മുംബൈയിലെ രോഗവ്യാപനമാണ് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 27 പേരാണ് മുംബൈയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. മുംബൈയിലെ കൊവിഡ് മരണം 949 ആയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 18 പൊലീസുകാർ വൈറസ് ബാധിച്ചു മരിച്ചതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. 174 ഓഫിസർമാരടക്കം 1671 പൊലീസുകാർക്ക് രോഗം ബാധിച്ചു. 14 ദിവസം കൊണ്ട് മുംബൈയിലെ രോഗബാധിതർ ഇരട്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.