6,600ലേറെ പേർക്ക് പുതുതായി രോഗം; വൈറസ്ബാധിതർ ഒന്നേകാൽ ലക്ഷം
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും റെക്കോഡ് വർധന. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 6,654 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 1,25,101 ആയി. 137 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 3,720 ആയി ഉയർന്നു. 69,597 പേരാണ് ചികിത്സയിലുള്ളത്. 51,700ലേറെ പേർ രോഗവിമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 63 പേർ മരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗുജറാത്തിൽ 29 പേരും ഡൽഹിയിലും യുപിയിലും 14 പേർ വീതവും പശ്ചിമ ബംഗാളിൽ ആറു പേരും തമിഴ്നാട്ടിൽ നാലുപേരും മരിച്ചു. മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ പുതിയ റെക്കോഡാണ്. 2,940 കേസുകളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.
ഇതോടെ സംസ്ഥാനത്തെ മൊത്തം വൈറസ്ബാധിതർ 44,582 ആയിട്ടുണ്ട്. 1,517 പേർ ഇതുവരെ സംസ്ഥാനത്തു മരിച്ചു. 30,474 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ഇരുപത്തേഴു പേർ കൂടി മരിച്ച മുംബൈയിലെ മരണസംഖ്യ 909 ആയിട്ടുണ്ട്. 1751 പേർക്കു കൂടി മുംബൈയിൽ രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ മൊത്തം രോഗബാധിതർ 27,251 ആണ്. സംസ്ഥാനത്ത് പകുതിയിലേറെ മരണങ്ങളും രോഗബാധിതരും മുംബൈയിൽ.
രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളവരിൽ 80 ശതമാനവും അഞ്ചു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 60 ശതമാനം ആക്റ്റിവ് കേസുകളും അഞ്ചു നഗരങ്ങളിലാണ്- മുംബൈ, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, താനെ. രാജ്യത്തു പരിശോധനകൾ വ്യാപകമാക്കിയതായി ഐസിഎംആർ വ്യക്തമാക്കി. അവസാന 24 മണിക്കൂറിൽ 1,15,364 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 28,34,798 പേർക്കു കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.