‘ട്രംപ് സ്ത്രീകളെ നീരാളിയെപ്പോലെ ചുറ്റിപ്പിടിക്കുന്നു’; ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെതിരെ ട്രംപ്
വാഷിങ്ടണ്‍: ട്രംപ് മോശമായി പെരുമാറിയെന്ന സ്ത്രീകളുടെ ആരോപണം പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരെ യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ആരോപണമാണിതെന്നും ട്രംപിന്റെ ക്യാമ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നറിയിച്ച് ട്രംപിന്റെ പ്രചാരണ വിഭാഗം ന്യൂയോര്‍ക്ക് ടൈംസിന് കത്തെഴുതി.
എന്നാല്‍ തങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ 2005 ലെ വീഡിയോ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടതിനു പിന്നാലെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ട്രംപ് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ അത് അടച്ചിട്ട മുറിയിലെ ഒരു സംഭാഷണമായിരുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ട്രംപ് മോശമായി പെരുമാറിയെന്ന ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്തെത്തിയത്. ട്രംപ് മോശമായി ശരീരത്തില്‍ തൊട്ടെന്നും ആലിംഗനം ചെയ്തെന്നും ചുംബിച്ചെന്നും ആരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയത്.
ഒരു വിമാനയാത്രയ്ക്കിടയില്‍ ട്രംപ് തന്റെ ശരീരഭാഗങ്ങളില്‍ അനുവാദമില്ലാതെ കയറിപ്പിടിച്ചെന്നും ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ചുവെന്നും ആരോപിച്ച 74 വയസ്സുള്ള ജെസീക്കാ ലീഡ്സ് എന്ന സ്ത്രീയാണ് രംഗത്ത് വന്നിരിക്കുന്ന ഒരാള്‍. 30 വര്‍ഷം മുമ്പത്തെ കാര്യമാണ് ഇവര്‍ പറയുന്നത്. യാത്രയ്ക്കിടയില്‍ തന്റെ വസ്ത്രത്തിനുള്ളില്‍ കയ്യിടുകയും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇവര്‍ പറഞ്ഞു. ട്രംപിനെ നീരാളിയെന്ന് വിശേഷിപ്പിച്ച ഇവര്‍ സെക്കന്റുകള്‍ക്കുള്ളില്‍ ട്രംപിന്റെ കൈകള്‍ തന്റെ രഹസ്യഭാഗങ്ങളില്‍ പലയിടത്തും എത്തിയതായും ട്രംപിനെ പേടിച്ച് താന്‍ വിമാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറിയിരുന്നെന്നും പറയുന്നു.
ട്രംപിനെതിരേ രംഗത്ത് വന്ന രണ്ടാമത്തെയാള്‍ മാന്‍ഹട്ടനിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ മുന്‍ റിസിപ്ഷനിസ്റ്റാണ്. കെട്ടിടത്തിന്റെ ലിഫ്റ്റില്‍ വെച്ച് യുവതി ആയിരുന്ന തന്നെ പരിചയപ്പെട്ടയുടന്‍ വരിഞ്ഞുമുറുക്കി ചുംബിച്ചെന്നാണ് ആരോപിച്ചിട്ടുള്ളത്. 2005 ലാണ് സംഭവം നടന്നതെന്നും ആരോപണം ഉന്നയിച്ച റെയ്ചല്‍ ക്രൂക്ക്സ് പറഞ്ഞു.
13 വര്‍ഷം മുമ്പ് റിസോര്‍ട്ടില്‍ വെച്ച് തന്നോടും സമാനരീതിയില്‍ പെരുമാറിയതായി മൂന്നാമത്തെ സ്ത്രീയും ആരോപിച്ചു. പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ടറാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ച നാലാമത്തെ സ്ത്രീ. 2005ല്‍ അഭിമുഖത്തിനായി എത്തിയ തന്നെ അനുമതി ഇല്ലാതെ ട്രംപ് ചുംബിച്ചതായി ഇവര്‍ വ്യക്തമാക്കി.